യു എ ഇയിൽ കൊറോണാ വൈറസ് ബാധയെത്തുടർന്ന് 2 പേർ കൂടി മരണമടഞ്ഞതായി മാർച്ച് 30, തിങ്കളാഴ്ച്ച ആരോഗ്യ മന്ത്രാലയം അറിയിച്ചു. 48 വയസുള്ള ഒരു അറബ് വംശജനും, 42 വയസുള്ള ഒരു ഏഷ്യൻ വനിതയുമാണ് മരിച്ചത്.
ഇവർ രണ്ട് പേരും കൊറോണാ വൈറസ് ബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു. ഇവർക്ക് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ യു എ ഇയിൽ COVID-19 നെ തുടർന്ന് മരിച്ചവരുടെ എണ്ണം 5 ആയി.
തിങ്കളാഴ്ച്ച 41 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ യു എ ഇയിൽ ആകെ രോഗബാധിതരുടെ എണ്ണം 611 ആയിട്ടുണ്ട്. നിലവിൽ ചികിത്സയിൽ ഉള്ളവരിൽ 2 പേരൊഴികെ മറ്റുള്ളവരുടെയെല്ലാം ആരോഗ്യ സ്ഥിതി തൃപ്തികരമായി തുടരുന്നതായി മന്ത്രാലയം കൂട്ടിച്ചേർത്തു. 2 ഇന്ത്യക്കാരും ഒരു ഫിലിപ്പീനി പൗരനും ഉൾപ്പടെ മൂന്ന് പേർ ഇന്ന് ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്.