അത്യാവശ്യ ഘട്ടങ്ങളിൽ വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നവരോട് മാസ്കുകൾ ഉപയോഗിക്കാൻ ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി. രോഗവ്യാപനത്തിന്റെ ആദ്യ ഘട്ടങ്ങളിൽ ജലദോഷം പോലെയുള്ള രോഗലക്ഷണങ്ങൾ ഉള്ളവരോട് മാത്രമായിരുന്നു മാസ്കുകൾ ഉപയോഗിക്കാൻ നിർദേശിച്ചിരുന്നത്. എന്നാൽ രോഗ ലക്ഷണങ്ങൾ പ്രകടമാകാത്തവരിൽ നിന്നും മറ്റുള്ളവരിലേക്ക് COVID-19 വ്യാപിച്ച ചില കേസുകൾ രാജ്യത്ത് കണ്ടെത്തിയതിനെത്തുടർന്നാണ്, കൊറോണാ വൈറസ് ബാധ സമൂഹിക ഇടപെടലുകളിൽ നിന്ന് പകരാതിരിക്കുന്നതിനു, എല്ലാവർക്കും പൊതു ഇടങ്ങളിൽ മാസ്കുകൾ ഉപയോഗിക്കാൻ നിർദ്ദേശം നൽകിയത്.
“തുടർച്ചയായുള്ള COVID-19 സംബന്ധമായ പഠനങ്ങൾക്കും, അന്താരാഷ്ട്ര തലത്തിലെ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളും അനുസരിച്ച്, രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവരിൽ നിന്നുപോലും രോഗ വ്യാപനം നടക്കുന്നുണ്ടെന്നു കണ്ടതിനെത്തുടർന്നാണ്, പൊതു ഇടങ്ങളിലേക്ക് ഇറങ്ങുമ്പോൾ എല്ലാവരും മാസ്കുകൾ ധരിക്കണമെന്ന് നിർദ്ദേശിക്കുന്നത്”, എന്ന് ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ട വക്താവ് ഡോ. ഫരീദ അൽ ഹോസാനി ശനിയാഴ്ച്ച നടത്തിയ പത്ര സമ്മേളനത്തിൽ വ്യക്തമാക്കി. വീടുകളിൽ തയ്യാറാക്കുന്ന തുണി മാസ്കുകളും, പേപ്പർ മാസ്കുകളും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് ഉപയോഗിക്കാവുന്നതാണ്.