ഖത്തർ: വാക്സിനേഷൻ സർട്ടിഫിക്കറ്റ് രണ്ടാം ഡോസ് കുത്തിവെപ്പ് എടുത്ത് 7 ദിവസത്തിന് ശേഷം; ഓൺലൈനിൽ ലഭ്യമാകും

GCC News

COVID-19 വാക്സിനേഷൻ സർട്ടിഫിക്കറ്റ്, രണ്ടാം ഡോസ് കുത്തിവെപ്പ് എടുത്ത് 7 ദിവസത്തിന് ശേഷമാണ് ലഭ്യമാകുക എന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് 2 ഡോസ് വീതം വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ച മുഴുവൻ പേർക്കും ഇത് ലഭ്യമാക്കുന്നതാണ്.

ഈ സർട്ടിഫിക്കറ്റ് ഓൺലൈനിലൂടെ ലഭ്യമാക്കുന്നതിനുള്ള സംവിധാനം ‘മൈ ഹെൽത്ത് പേഷ്യന്റ് പോർട്ടലിൽ’ ഉൾപ്പെടുത്തിയതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. COVID-19 വാക്സിൻ രണ്ട് ഡോസ് കുത്തിവെപ്പുകളും സ്വീകരിച്ച മുഴുവൻ പേർക്കും, രണ്ടാം ഡോസ് കുത്തിവെപ്പ് സ്വീകരിച്ച് ഏഴു ദിവസത്തിന് ശേഷം, ഈ രേഖ സ്വയമേവ ഓൺലൈൻ പോർട്ടലിൽ നിന്ന് ലഭ്യമാകുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

https://myhealth.hamad.qa/home.aspx എന്ന വിലാസത്തിലൂടെ മൈ ഹെൽത്ത് പേഷ്യന്റ് പോർട്ടലിൽ റജിസ്റ്റർ ചെയ്യാവുന്നതാണ്. ഇതുവരെ ഇത്തരം റജിസ്ട്രേഷൻ പൂർത്തിയാക്കാത്തവർ ഈ പോർട്ടലിൽ ഇതിനുള്ള നടപടികൾ പൂർത്തിയാക്കാനും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. റജിസ്ട്രേഷൻ പൂർത്തിയാക്കി അക്കൗണ്ട് പ്രവർത്തനക്ഷമമാക്കുന്നതിന് 24 മണിക്കൂർ വരെ സമയം ആവശ്യമായി വരാമെന്നും മന്ത്രാലയം അറിയിച്ചു.