COVID-19 വാക്സിനേഷന്റെ ഭാഗമായി ഇതുവരെ പാര്‍ശ്വഫലങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം

GCC News

ഡിസംബർ 17 മുതൽ സൗദിയിൽ ആരംഭിച്ചിട്ടുള്ള COVID-19 വാക്സിനേഷന്റെ ഭാഗമായി ഇതുവരെ പാര്‍ശ്വഫലങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും, വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചവരെല്ലാം ആരോഗ്യവാന്മാരായി തുടരുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡിസംബർ 22-ന് ട്വിറ്ററിലൂടെയാണ് സൗദി ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

രാജ്യത്ത് ഇറക്കുമതി ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനും ഔദ്യോഗിക അനുമതി നൽകിയിട്ടുള്ള ഫൈസർ, ബയോ എൻ ടെക് (BioNTech) COVID-19 വാക്സിനിന്റെ ആദ്യ ബാച്ച് ഡിസംബർ 16-ന് സൗദിയിലെത്തിയതിനെത്തുടർന്നാണ് രാജ്യത്ത് വാക്സിനേഷൻ യത്നം ആരംഭിച്ചത്. സൗദിയിലെ പ്രവാസികളും, പൗരന്മാരുമുൾപ്പടെ മുഴുവൻ പേർക്കും വാക്സിൻ സൗജന്യമായിരിക്കുമെന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

സൗദിയിലെ പൗരന്മാർക്കും, നിവാസികൾക്കും COVID-19 വാക്സിൻ സൗജന്യമായി ലഭിക്കുന്നതിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരോഗ്യ മന്ത്രാലയത്തിന്റെ ‘Sehhaty’ എന്ന ആപ്പിലൂടെ ലഭ്യമാണ്. ഈ രജിസ്‌ട്രേഷൻ ഉടൻ പൂർത്തിയാക്കാൻ രാജ്യത്തെ പൗരന്മാരോടും, പ്രവാസികളോടും മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്.

മൂന്ന് ഘട്ടങ്ങളിലായാണ് COVID-19 വാക്സിനേഷൻ സൗദിയിൽ നടപ്പിലാക്കുന്നത്. 65 വയസ്സിൽ കൂടുതൽ പ്രായമായ പൗരന്മാർ, പ്രവാസികൾ, 40-ൽ കൂടുതൽ ബോഡി മാസ് ഇൻഡക്സ് രേഖപ്പെടുത്തുന്നവർ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ, മുൻപ് പക്ഷാഘാതം വന്നിട്ടുള്ളവർ, ആസ്തമ, പ്രമേഹം, കിഡ്‌നി പ്രശ്നങ്ങൾ തുടങ്ങിയ രണ്ടിലധികം വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ എന്നീ വിഭാഗങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ വാക്സിൻ ലഭ്യമാക്കുന്നത്.

വ്യാപന ശേഷി കൂടുതലുള്ള COVID-19 വൈറസിന്റെ വകഭേദം സൗദിയിൽ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി

അതേ സമയം, യു കെയിലും, മറ്റു യൂറോപ്യൻ രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുള്ള COVID-19 വൈറസിന്റെ അതിവേഗം പടരുന്ന പുതിയ വകഭേദം സൗദിയിൽ കണ്ടെത്തിയതായുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ജനിതകമാറ്റം സംഭവിച്ചിട്ടുള്ള ഈ വൈറസിന്റെ സാന്നിദ്ധ്യം സൗദിയിൽ നിലവിൽ കണ്ടെത്തിയിട്ടില്ലെന്നും, ഇതിൽ പഠനങ്ങൾ നടന്നു വരുന്നതായും ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദ് അൽ അലി ചൊവ്വാഴ്ച്ച വ്യക്തമാക്കി.

“ജനിതകമാറ്റം സംഭവിച്ചിട്ടുള്ള കൊറോണ വൈറസിന്റെ സാന്നിദ്ധ്യം സൗദിയിലെ രോഗബാധിതരിൽ ഇതുവരെ കണ്ടെത്തിയിട്ടില്ല. നിലവിൽ രാജ്യത്തേർപ്പെടുത്തിയിട്ടുള്ള യാത്രാ നിയന്ത്രണങ്ങൾ ഈ വൈറസ് രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള സാധ്യതകൾ കുറയ്ക്കുന്നതിനാണ്.”, പുതിയ വൈറസ് വകഭേദത്തെ കുറിച്ച് വ്യക്തത നൽകുന്നതിനായി ചൊവ്വാഴ്ച്ച നടന്ന പ്രത്യേക ശാസ്ത്രീയ സമ്മേളനത്തിൽ അൽ അലി വിശദീകരിച്ചു.

ജനിതകമാറ്റം സംഭവിച്ചിട്ടുള്ള കൊറോണ വൈറസിന്റെ അനേകം വകഭേദങ്ങൾ നിലവിൽ ആഗോള തലത്തിൽ കണ്ടെത്തിയിട്ടുണ്ടെന്നും, ഇവയെല്ലാം അതിവേഗം പടരുന്നതാണെന്ന് ശാസ്ത്രീയമായി സ്ഥിരീകരിച്ചിട്ടില്ലെന്നും സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് പ്രിവന്റീവ് ഹെൽത്ത് വിഭാഗം ഡെപ്യൂട്ടി മിനിസ്റ്റർ ഡോ. അബ്ദുല്ല അസിരി വ്യക്തമാക്കി. യു കെയിൽ കണ്ടെത്തിയ വകഭേദം ഉയർന്ന മരണനിരക്കിന് കാരണമാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൗദിയിലെ പകർച്ച വ്യാധി നിവാരണ വിഭാഗം ഈ വൈറസിന്റെ ജനിതകഘടന സംബന്ധിച്ച് സമഗ്രമായ പഠനങ്ങൾ നടത്തുന്നതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.