ഒമാൻ: അൽദാഹിറ ഗവർണറേറ്റിലെ പതിനേഴായിരത്തോളം വിദ്യാർത്ഥികൾക്ക് COVID-19 വാക്സിൻ നൽകുന്ന നടപടികൾ ആരംഭിച്ചു

Oman

ഗവർണറേറ്റിലെ പതിനേഴായിരത്തോളം വിദ്യാർത്ഥികൾക്ക് COVID-19 വാക്സിൻ നൽകുന്ന നടപടികൾ ആരംഭിച്ചതായി അൽദാഹിറ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് അറിയിച്ചു. പന്ത്രണ്ട് മുതൽ പതിനേഴ് വയസ് വരെയുള്ള വിഭാഗം വിദ്യാർത്ഥികൾക്ക് ഗവർണറേറ്റിലെ 69 ഇടങ്ങളിൽ നിന്നാണ് വാക്സിൻ നൽകുന്നത്.

വിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾ നേരിട്ടെത്തുന്ന രീതി പുനരാരംഭിച്ചതോടെ ഗവർണറേറ്റിലെ വിദ്യാർത്ഥികൾക്ക് COVID-19 വാക്സിന്റെ ഒന്നാം ഡോസ്, രണ്ടാം ഡോസ് കുത്തിവെപ്പുകൾ നൽകുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് അറിയിച്ചിട്ടുണ്ട്. ഇത്തരത്തിൽ ഗവർണറേറ്റിൽ 17539 വിദ്യാർത്ഥികളെയാണ് വാക്സിൻ നൽകുന്നതിന് (ഇതിൽ ഒന്നാം ഡോസ്, രണ്ടാം ഡോസ് കുത്തിവെപ്പുകൾ ഉൾപ്പെടുന്നതാണ്) തിരഞ്ഞെടുത്തിരിക്കുന്നത്.

വിദ്യാർത്ഥികൾക്ക് വാക്സിൻ നൽകുന്നതിനായി പതിനൊന്ന് സംഘങ്ങളെ രൂപീകരിച്ചതായും അധികൃതർ വ്യക്തമാക്കി. സ്‌കൂൾ ഹെൽത്ത് നേഴ്സ്, ഡാറ്റ എൻട്രി ഓപ്പറേറ്റർ എന്നിവർ ഉൾപ്പെടുന്നതാണ് ഇത്തരം സംഘങ്ങൾ. ഗവർണറേറ്റിലെ പൊതു, സ്വകാര്യ സ്‌കൂളുകൾ, ഇന്ത്യൻ സ്‌കൂൾ, ഇസ്ലാമിക് ഇൻസ്റ്റിട്യൂട്ട് തുടങ്ങിയ ഇടങ്ങളിൽ നിന്നാണ് വാക്സിൻ നൽകുന്നത്.

ഗവർണറേറ്റിലെ സ്‌കൂൾ വിദ്യാർത്ഥികൾക്ക് COVID-19 വാക്സിന്റെ രണ്ടാം ഡോസ് കുത്തിവെപ്പ് അടുത്ത ആഴ്ച്ച മുതൽ നൽകിത്തുടങ്ങുമെന്ന് അൽദാഹിറ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് നേരത്തെ അറിയിച്ചിരുന്നു.