ഒമാൻ: പന്ത്രണ്ടാം ഗ്രേഡ് വിദ്യാർത്ഥികളുടെ വാക്സിനേഷൻ നടപടികൾ മെയ് 26 മുതൽ

GCC News

രാജ്യത്തെ പന്ത്രണ്ടാം ഗ്രേഡ് വിദ്യാർത്ഥികൾക്ക് COVID-19 വാക്സിൻ കുത്തിവെപ്പുകൾ നൽകുന്ന നടപടികൾ 2021 മെയ് 26 മുതൽ ആരംഭിക്കുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം, ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം എന്നിവർ സംയുക്തമായി അറിയിച്ചു. പന്ത്രണ്ടാം ഗ്രേഡ് വിദ്യാർത്ഥികൾക്ക് വാക്സിൻ മെയ് 25-ന് നൽകുമെന്നാണ് ആരോഗ്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നത്.

https://twitter.com/OmaniMOH/status/1396779949508472832

മെയ് 24-ന് വൈകീട്ട് പുറത്തിറക്കിയ പ്രത്യേക അറിയിപ്പിലാണ് ഈ വിഭാഗത്തിൽ പെടുന്നവർക്കുള്ള വാക്സിനേഷൻ നടപടികൾ മെയ് 26 മുതൽ ആരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയത്. “രാജ്യത്തെ പന്ത്രണ്ടാം ഗ്രേഡ് വിദ്യാർത്ഥികൾക്ക് വാക്സിൻ കുത്തിവെപ്പുകൾ നൽകുന്ന നടപടികൾ 2021 മെയ് 26, ബുധനാഴ്ച്ച ആരംഭിക്കുന്നതാണ്.”, ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പുതിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.

ഇത് നടപ്പിലാക്കുന്നതിന് ആവശ്യമായ നടപടികൾ ഓരോ ഗവർണറേറ്റുകളിലെയും ആരോഗ്യ സേവന രംഗത്തെ ഡയറക്ടറേറ്റ് ജനറൽമാർ, വിദ്യാഭ്യാസ മേഖലയിലെ ഡയറക്ടറേറ്റ് ജനറൽമാർ എന്നിവർ സംയുക്തമായി കൈക്കൊള്ളുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഓരോ ഗവർണറേറ്റുകളിലും ഇതിനായുള്ള വാക്സിനേഷൻ കേന്ദ്രങ്ങൾ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

പന്ത്രണ്ടാം ഗ്രേഡ് വിദ്യാർത്ഥികൾ, അധ്യാപകർ, വിദ്യാലയങ്ങളിലെ പരീക്ഷകളുടെ ചുമതലകളുള്ള കമ്മിറ്റി അംഗങ്ങൾ മുതലായവർക്കാണ് മെയ് 25-ന് വാക്സിൻ നൽകുന്നത്. ഒമാനിലെ പന്ത്രണ്ടാം ഗ്രേഡ് വിദ്യാർത്ഥികൾക്ക് അവരുടെ വാർഷിക പരീക്ഷകൾക്ക് മുൻപായി വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനായാണ് ഈ തീരുമാനം.