രാജ്യത്ത് COVID-19 വാക്സിനെടുക്കുന്നതിൽ ഇളവുകളുള്ളവർക്ക്, പൊതു ഇടങ്ങൾ സന്ദർശിക്കുന്നതിനും, വിദേശയാത്രകൾക്കും, ഇത് സംബന്ധിച്ച സ്റ്റാറ്റസ് തെളിയിക്കുന്നതിനായി തവക്കൽന (Tawakkalna) ആപ്പ് ഉപയോഗിക്കാമെന്ന് സൗദി അധികൃതർ വ്യക്തമാക്കി. വാക്സിനെടുക്കുന്നതിൽ ഇളവുകളുള്ള സൗദി പൗരന്മാർക്കും, പ്രവാസികൾക്കും തവക്കൽന ആപ്പിലെ ‘vaccine-exempt’ എന്ന പ്രത്യേക സ്റ്റാറ്റസ് ഇത്തരം ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്നതാണെന്നും, വാക്സിനെടുത്തവർക്ക് ലഭിക്കുന്ന ഇളവുകൾ ഇവർക്കും ലഭിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ആരോഗ്യ കാരണങ്ങളാൽ COVID-19 വാക്സിൻ കുത്തിവെപ്പ് എടുക്കുന്നതിൽ സൗദി ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് മുൻകൂർ ഇളവുകൾ നേടിയിട്ടുള്ളവർക്ക് മാത്രമാണ് തവക്കൽന ആപ്പിൽ ‘vaccine-exempt’ എന്ന പ്രത്യേക സ്റ്റാറ്റസ് രേഖപ്പെടുത്തുന്നത്. ആൻഡ്രോയിഡ് ഫോണുകളിൽ ഈ സ്റ്റാറ്റസ് തവക്കൽന ആപ്പിലൂടെ ലഭ്യമാണെന്നും, ആപ്പിൾ iOS ഫോണുകൾ ഉപയോഗിക്കുന്നവർക്ക് Tawakkalna ഔദ്യോഗിക വെബ്സൈറ്റിലൂടെ ഈ സ്റ്റാറ്റസ് പരിശോധിക്കാവുന്നതാണെന്നും അധികൃതർ വ്യക്തമാക്കി.
COVID-19 വാക്സിൻ, അതിലെ ഘടകങ്ങൾ എന്നിവയോട് ആരോഗ്യ കാരണങ്ങളാൽ പ്രതികരിക്കുന്ന ശരീരസ്വഭാവമുള്ളവർക്കാണ് പ്രത്യേക പരിശോധനകൾക്ക് ശേഷം ആരോഗ്യ മന്ത്രാലയം വാക്സിനെടുക്കുന്നതിൽ ഇളവ് അനുവദിക്കുന്നത്. കൃത്യമായ മെഡിക്കൽ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് ഇത്തരം ഇളവുകൾ അനുവദിക്കുന്നത്.