എമിറേറ്റിലെ ഡാർബ് ടോൾ സംവിധാനത്തിൽ റജിസ്റ്റർ ചെയ്തിട്ടുള്ള വാഹനങ്ങളുടെ റജിസ്‌ട്രേഷൻ പുതുക്കുന്നതും, വാഹനം മറ്റൊരാളുടെ പേരിലേക്ക് മാറ്റുന്നതും ഉൾപ്പടെയുള്ള പ്രവർത്തികൾ നടത്തുന്നതിന് മുൻപായി, ഇത്തരം വാഹനങ്ങൾക്ക് ചുമത്തിയിട്ടുള്ള ഡാർബ് ടോൾ തുകകൾ നിർബന്ധമായും അടച്ച് തീർക്കേണ്ടതാണെന്ന് അധികൃതർ വ്യക്തമാക്കി. അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട് സെന്ററാണ് (ITC) ജൂലൈ 1-ന് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ITC-യും, അബുദാബി പോലീസും സംയുക്തമായി നടപ്പിലാക്കുന്ന ട്രാഫിക് ഫൈൻ നിയന്ത്രണങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം.
അബുദാബിയിൽ റജിസ്റ്റർ ചെയ്തിട്ടുള്ള, ഡാർബ് ടോൾ പിഴ തുകകൾ (വാഹനം ടോൾ ഗേറ്റിലൂടെ കടന്ന് പോകുന്ന സമയത്ത് ഉപയോക്താക്കളുടെ അക്കൗണ്ടിൽ ആവശ്യമായ തുക ഇല്ലെങ്കിൽ പിഴ ചുമത്തുന്നതാണ്) കൊടുത്ത് തീർക്കാനുള്ള വാഹനങ്ങൾക്ക്, റജിസ്‌ട്രേഷൻ പുതുക്കൽ, ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യൽ തുടങ്ങിയ വിവിധ ഇടപാടുകൾ നടത്തുന്നതിന് അനുമതി ഉണ്ടായിരിക്കുന്നതല്ല. ഇത്തരം ഇടപാടുകൾക്ക് മുൻപായി പിഴ തുകകൾ കൊടുത്ത് തീർക്കേണ്ടതാണെന്ന് അധികൃതർ വ്യക്തമാക്കി. https://darb.itc.gov.ae എന്ന വെബ്സൈറ്റിലൂടെയോ, ‘DARB’ ആപ്പിലൂടെയോ ഈ തുകകൾ അടയ്ക്കാവുന്നതാണ്.
അബുദാബിയിൽ ഷെയ്ഖ് സായിദ് പാലം, ഷെയ്ഖ് ഖലീഫ പാലം, അൽ മഖ്ത പാലം, മുസഫ പാലം എന്നിവിടങ്ങളിൽ ഇരുവശങ്ങളിലേക്കുമുള്ള ടോൾ ഗേറ്റുകളിലാണ് നിലവിൽ ടോൾ നടപ്പിലാക്കിയിട്ടുള്ളത്. ആഴ്ച്ച തോറും, ശനിയാഴ്ച്ച മുതൽ വ്യാഴാഴ്ച്ച വരെ, വാഹനഗതാഗതം ഏറ്റവും കൂടുതലുള്ള മണിക്കൂറുകളിൽ (കാലത്ത് 7 മുതൽ 9 മണിവരെയും വൈകുന്നേരം 5 മുതൽ 7 മണിവരെയും), 4 ദിർഹം ആണ് ഓരോ തവണ ടോൾഗേറ്റിലൂടെ കടന്നു പോകുന്നതിനും ടോൾ തുകയായി ഈടാക്കുന്നത്. ഓരോ തവണ വാഹനങ്ങൾ ടോൾ ഗേറ്റിലൂടെ കടന്ന് പോകുമ്പോളും ഉപയോക്താക്കളുടെ അക്കൗണ്ടിൽ റീചാർജ് ചെയ്തിട്ടുള്ള തുകയിൽ നിന്ന് ടോൾ സ്വയമേവ ഈടാക്കുന്നതാണ്.
Photo: WAM