ദുബായ് കോർപ്പറേഷൻ ഫോർ ആംബുലൻസ് സർവീസസ് (DCAS) എക്സ്പോ 2020 വേദിയിൽ ലോകത്തിലെ ഏറ്റവും വേഗതയേറിയതും വിലയേറിയതമായ ആംബുലൻസ് റെസ്‌പോണ്ടർ അവതരിപ്പിച്ചു. ദുബായ് ആസ്ഥാനമായുള്ള ഡബ്ല്യു മോട്ടോഴ്‌സിന്റെ സൃഷ്ടിയായ ലൈക്കൻ ഹൈപ്പർസ്‌പോർട്ട് സൂപ്പർകാർ ഉപയോഗപ്പെടുത്തി നിർമിച്ചിട്ടുള്ളതാണ് ഈ ‘ഹൈപ്പർസ്‌പോർട്ട് റെസ്‌പോണ്ടർ’.
യുഎഇയിൽ നിർമ്മിച്ചിട്ടുള്ള ഈ ഹൈപ്പർസ്‌പോർട്ട് റെസ്‌പോണ്ടറിന്റെ മൂല്യം 13 മില്യൺ ദിർഹമാണ്. ഇതിനായി ലോകത്തിൽ ആകെയുള്ള ഏഴ് ലൈക്കൻ ഹൈപ്പർസ്‌പോർട്ട് കാറുകളിലൊന്നാണ് ഉപയോഗിച്ചിരിക്കുന്നത്.
ഇരട്ട ടർബോചാർജ്ഡ് 780 എച്ച്‌പി പോർഷെ എഞ്ചിൻ ഉപയോഗിക്കുന്ന ഈ ഹൈപ്പർസ്‌പോർട്ട് റെസ്‌പോണ്ടറിന്റെ പരമാവധി വേഗത മണിക്കൂറിൽ 400 കിലോമീറ്ററാണ്. കേവലം 2.8 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കി.മീ/മണിക്കൂർ വേഗത കൈവരിക്കുന്നതിനും ഈ വാഹനത്തിന് സാധിക്കുന്നതാണ്.

ഇന്റീരിയർ റൂഫിൽ സ്വർണ്ണം പൂശിയിട്ടുള്ള ഈ ഹൈപ്പർസ്‌പോർട്ട് റെസ്‌പോണ്ടറിന്റെ ക്യാബിൻ സ്വർണ്ണം തുന്നിച്ചേർത്ത തുകലിൽ അപ്‌ഹോൾസ്റ്റേർ ചെയ്തിരിക്കുന്നു. ഇതിന്റെ മുൻവശത്തെ എൽഇഡി ഹെഡ്‌ലൈറ്റുകളിൽ 440 വജ്രങ്ങൾ സജ്ജീകരിച്ചിരിക്കുന്നു.
“ദുബായ് അദ്വിതീയവും ലോകത്തിലെ ആദ്യത്തേതുമായ എല്ലാത്തിന്റെയും പര്യായമായി മാറിയിരിക്കുന്നു. ‘ഹൈപ്പർസ്‌പോർട്ട് റെസ്‌പോണ്ടർ’ ലോഞ്ച് ചെയ്യുന്നത് ഇന്നൊവേഷൻ രംഗത്ത് ലോകത്തെ മുൻനിര നഗരങ്ങളിൽ ദുബായിയുടെ അതുല്യമായ സ്ഥാനത്തെ പ്രതിഫലിപ്പിക്കുന്നു. കാറിന്റെ വേഗതയും കഴിവുകളും അടിയന്തര ഘട്ടങ്ങളിൽ പ്രതികരണ സമയം ഗണ്യമായി കുറയ്ക്കുകയും സമയോചിതമായ ഇടപെടൽ ഉറപ്പാക്കുകയും ചെയ്യും.”, DCAS സി ഇ ഒ ഖലീഫ ബിൻ ദറായി വ്യക്തമാക്കി.

കൈകൊണ്ട് നിർമ്മിച്ച കാർബൺ-ഫൈബർ ബോഡിയോട് കൂടിയ ഹൈപ്പർസ്‌പോർട്ട് റെസ്‌പോണ്ടറിൽ ലോകത്തിലെ ആദ്യത്തെ 3D ഹോളോഗ്രാം ഹോളോഗ്രാഫിക് മിഡ്-എയർ ഡിസ്‌പ്ലേ, ഇന്ററാക്ടീവ് മോഷൻ കൺട്രോൾ, സാറ്റലൈറ്റ് നാവിഗേഷൻ എന്നിവയുൾപ്പെടെ നിരവധി ഫ്യൂച്ചറിസ്റ്റിക് ഫീച്ചറുകൾ സജ്ജീകരിച്ചിരിക്കുന്നു. ഹോളിവുഡ് ബ്ലോക്ക്ബസ്റ്റർ ചിത്രമായ ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് 7-ലാണ് ലൈക്കൻ ഹൈപ്പർസ്‌പോർട്ട് കാർ ആദ്യമായി പ്രത്യക്ഷപ്പെട്ടത്.
WAM