സൗദി: അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള തീരുമാനം രാജ്യത്തെ വൈറസ് വ്യാപനം വിലയിരുത്തിയ ശേഷം

Saudi Arabia

സൗദിയിൽ നിന്നുള്ള അന്താരാഷ്ട്ര വ്യോമയാന സേവനങ്ങൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് രാജ്യത്തെ രോഗവ്യാപനത്തിന്റെ തോത് കണക്കിലെടുത്തായിരിക്കും തീരുമാനിക്കുക എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സൗദി ആരോഗ്യ വകുപ്പ് മന്ത്രി തൗഫീഖ് അൽ റാബിയയെ ഉദ്ധരിച്ച് കൊണ്ടാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

പൊതുസമൂഹത്തിലെ മുഴുവൻ ആളുകളുടെയും സംരക്ഷണം ഉറപ്പാക്കുക എന്നത് ആരോഗ്യ മന്ത്രാലയത്തിന്റെ ഉത്തരവാദിത്വമാണെന്നും, ഇതിനായി ആവശ്യമായ എല്ലാ പ്രതിരോധ മുൻകരുതലുകളും നടപ്പിലാക്കി വരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് കൊറോണ വൈറസ് രോഗബാധ തുടരുന്നിടത്തോളം ആരോഗ്യ മന്ത്രാലയം സാഹചര്യങ്ങൾ തുടർച്ചയായി വിലയിരുത്തുമെന്നും, ശരിയായ പ്രതിരോധം നടപ്പിലാക്കാൻ ആവശ്യമായ സുരക്ഷാ നടപടികൾ ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തെ ആകെയുള്ള COVID-19 സാഹചര്യം, രോഗവ്യാപനത്തിന്റെ തോത് തുടങ്ങിയവ കണക്കിലെടുത്തായിരിക്കും അന്താരാഷ്ട്ര വ്യോമയാന സേവനങ്ങൾ പുനരാരംഭിക്കുന്നത് പോലുള്ള തീരുമാനങ്ങൾ എടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സൗദിയിൽ മാർച്ച് പകുതി മുതൽ അന്താരാഷ്ട്ര വ്യോമയാന സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്. സൗദിയിൽ നിന്നുള്ള അന്താരാഷ്ട്ര വ്യോമയാന സർവീസുകൾ പുനരാരംഭിക്കുന്നത് മുതൽ, രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികർക്ക് ഏർപ്പെടുത്തേണ്ട സുരക്ഷാ നിർദ്ദേശങ്ങളുമായി ബന്ധപ്പെട്ട് സൗദി അറേബ്യൻ എയർലൈൻസ് (സൗദിയ) ഏതാനം ദിവസങ്ങൾക്ക് മുൻപ് ഒരു അറിയിപ്പ് പുറത്തിറക്കിയിരുന്നു.