പ്രവാസികൾക്ക് NOC ഒഴിവാക്കിയ നടപടി രാജ്യത്തിന്റെ തൊഴിൽ നയത്തിൽ കാതലായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി

GCC News

2021 ജനുവരി 1 മുതൽ പ്രവാസികൾക്ക് ഒരു സ്ഥാപനത്തിൽ നിന്ന് മറ്റൊരു സ്ഥാപനത്തിലേക്ക് തൊഴിൽ മാറുന്നതിനു ആവശ്യമായ നോ ഒബ്ജെക്ഷൻ സർട്ടിഫിക്കറ്റ് (NOC) ഒഴിവാക്കാനുള്ള തീരുമാനം, രാജ്യത്തിന്റെ തൊഴിൽ നയങ്ങളിൽ പ്രബലമായ പുരോഗതി കൊണ്ട് വരുമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി H.E. സയ്യിദ് ബദ്ർ അൽ ബുസൈദി അഭിപ്രായപ്പെട്ടു. ഒമാനിലെ തൊഴിൽ നയങ്ങളെ നിയന്ത്രിക്കുന്നതിൽ ഈ തീരുമാനം വലിയ പങ്ക് വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബഹ്‌റൈനിൽ വെച്ച് നടന്ന പതിനാറാമത് IISS മനാമ സംവാദത്തിൽ ഡിസംബർ 5-ന് സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇതേ കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തിയത്. വർഷങ്ങളായി നിലനിന്നിരുന്ന NOC വ്യവസ്ഥ ഒഴിവാക്കാനുള്ള തീരുമാനം, രാജ്യത്തിൻറെ സാമ്പത്തിക മേഖലയെ കൂടുതൽ സുതാര്യമാക്കുന്നത് ലക്ഷ്യമിടുന്ന വിഷൻ 2040-ന്റെ ഭാഗമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിന്റെ ഭാഗമായുള്ള വിവിധ നടപടികളിലൊന്നാണ് അടുത്ത ഏതാനം ആഴ്ച്ചകൾക്കിടയിൽ നടപ്പിലാക്കുന്ന NOC ഒഴിവാക്കുന്ന തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒമാനിൽ പ്രവാസികൾക്ക് ഒരു സ്ഥാപനത്തിൽ നിന്ന് മറ്റൊരു സ്ഥാപനത്തിലേക്ക് തൊഴിൽ മാറുന്നതിനു ആവശ്യമായ നോ ഒബ്ജെക്ഷൻ സർട്ടിഫിക്കറ്റ് (NOC) 2021 ജനുവരി 1 മുതൽ ഒഴിവാക്കാൻ ആർട്ടിക്കിൾ 24-ൽ ആവശ്യമായ ഭേദഗതികൾ വരുത്തിക്കൊണ്ട് ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് ആൻഡ് കസ്റ്റംസ് ലഫ്റ്റനന്റ് ജനറൽ ഹസ്സൻ ബിൻ മൊഹ്‌സിൻ അൽ ശരിഖി ജൂൺ മാസത്തിൽ ഉത്തരവ് പുറത്തിറക്കിയിരുന്നു. ഒമാനിലെ പ്രവാസി ജീവനക്കാർക്ക് തൊഴിലിടങ്ങൾ മാറുന്നതിന്, നിലവിലുള്ള തൊഴിലുടമയിൽ നിന്നുള്ള NOC ആവശ്യമാണ്. ഈ പുതിയ തീരുമാന പ്രകാരം, നിലവിലുള്ള ജോലിയിലെ കോൺട്രാക്ട് കാലാവധി അവസാനിച്ച പ്രവാസികൾക്ക്, ഇത് തെളിയിക്കുന്നതിനുള്ള രേഖകൾ ഉപയോഗിച്ച് കൊണ്ട്, മറ്റൊരു സ്ഥാപനത്തിലേക്ക് മാറാവുന്നതാണ്.

ഇത് നടപ്പിലാകുന്നതോടെ, പ്രവാസികൾക്ക് നിലവിലുള്ള സ്ഥാപനവുമായുള്ള തൊഴിൽ കരാർ കാലാവധി അവസാനിച്ചു എന്നതിന്റെ രേഖകൾ മാത്രമായിരിക്കും പുതിയ സ്ഥാപനത്തിലേക്ക് മാറുന്നതിനായി ആവശ്യമായി വരിക. നിലവിലെ നിയമമനുസരിച്ച്, സ്ഥാപനം മാറുന്നതിനു തൊഴിലുടമ NOC നിഷേധിച്ച പ്രവാസികൾക്ക് അതേ സ്ഥാപനങ്ങളിൽ തുടരുകയോ, അല്ലെങ്കിൽ 2 വർഷത്തെ തൊഴിൽ വിലക്കോടെ ഒമാനിൽ നിന്ന് മടങ്ങുകയോ ചെയ്യണമായിരുന്നു. പുതിയ തീരുമാനത്തോടെ, തൊഴിൽ കരാർപ്രകാരമുള്ള കാലാവധി കഴിഞ്ഞ പ്രവാസികൾക്ക് ഒമാനിൽ മറ്റു സ്ഥാപനങ്ങളിലേക്ക് ജോലി മാറുന്നതിനുള്ള അവസരം ലഭിക്കും.