2021 ജനുവരി 1 മുതൽ പ്രവാസികൾക്ക് ഒരു സ്ഥാപനത്തിൽ നിന്ന് മറ്റൊരു സ്ഥാപനത്തിലേക്ക് തൊഴിൽ മാറുന്നതിനു ആവശ്യമായ നോ ഒബ്ജെക്ഷൻ സർട്ടിഫിക്കറ്റ് (NOC) ഒഴിവാക്കാനുള്ള തീരുമാനം, രാജ്യത്തെ തൊഴിൽ മേഖലയെ കൂടുതൽ മെച്ചപ്പെടുത്തുമെന്ന് ഒമാനിലെ സർക്കാർ വൃത്തങ്ങൾ അഭിപ്രായപ്പെട്ടു. NOC ഒഴിവാക്കുന്നതിനാവശ്യമായ സർക്കാർ രേഖകളിലെ ഭേദഗതികൾ, ഏതാനം ദിവസങ്ങൾക്ക് മുൻപ് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് ആൻഡ് കസ്റ്റംസ് ലഫ്റ്റനന്റ് ജനറൽ ഹസ്സൻ ബിൻ മൊഹ്സിൻ അൽ ശരിഖി നടപ്പിലാക്കിയിരുന്നു. NOC നിലവിൽ വന്ന് ഏതാണ്ട് ആറു വർഷങ്ങൾക്ക് ശേഷമുള്ള ഈ തീരുമാനം, തൊഴിൽ കരാർപ്രകാരമുള്ള കാലാവധി കഴിഞ്ഞ നിരവധി പ്രവാസികൾക്ക് ഒമാനിൽ മറ്റു സ്ഥാപനങ്ങളിലേക്ക് ജോലി മാറുന്നതിനുള്ള അവസരം നൽകുന്നതാണ്.
ഒമാനിലെ നിലവിലുള്ള വ്യവസ്ഥകൾ പ്രകാരം പ്രവാസി ജീവനക്കാർക്ക് തൊഴിലിടങ്ങൾ മാറുന്നതിന്, തൊഴിലുടമയിൽ നിന്നുള്ള NOC ആവശ്യമാണ്. NOC ഒഴിവാക്കുന്നതിനുള്ള തീരുമാനം നടപ്പിലാകുന്നതോടെ, നിലവിലുള്ള ജോലിയിലെ കോൺട്രാക്ട് കാലാവധി അവസാനിച്ച പ്രവാസികൾക്ക്, ഇത് തെളിയിക്കുന്നതിനുള്ള രേഖകൾ ഉപയോഗിച്ച് കൊണ്ട്, മറ്റൊരു സ്ഥാപനത്തിലേക്ക് മാറാവുന്നതാണ്.
രാജ്യത്തെ തൊഴിൽ മേഖലയിൽ കൂടുതൽ മത്സരസ്വഭാവവും, അഭിവൃദ്ധിയും ഈ തീരുമാനത്തിലൂടെ കൈവരുമെന്ന് സർക്കാർ അറിയിച്ചു. സ്ഥാപനം മാറുന്നതിനു തൊഴിലുടമ NOC നിഷേധിച്ച പ്രവാസികൾക്ക് അതേ സ്ഥാപനങ്ങളിൽ തുടരുകയോ, അല്ലെങ്കിൽ 2 വർഷത്തെ തൊഴിൽ വിലക്കോടെ ഒമാനിൽ നിന്ന് മടങ്ങുകയോ ചെയ്യണമെന്ന നിലവിലെ വ്യവസ്ഥകൾ, ഏതാനം തൊഴിലുടമകൾ എങ്കിലും ചൂഷണം ചെയ്തിരുന്നതായും, അത്തരം പ്രവർത്തനങ്ങൾ ഈ നിയമമാറ്റത്തിലൂടെ ഇല്ലാതാകുമെന്നും അധികൃതർ വ്യക്തമാക്കി.
ഇത് നടപ്പിലാകുന്നതോടെ, പ്രവാസികൾക്ക് നിലവിലുള്ള സ്ഥാപനവുമായുള്ള തൊഴിൽ കരാർ കാലാവധി അവസാനിച്ചു എന്നതിന്റെ രേഖകൾ മാത്രമായിരിക്കും പുതിയ സ്ഥാപനത്തിലേക്ക് മാറുന്നതിന് ആവശ്യമായി വരിക. തൊഴിൽ കരാർ കാലാവധി അവസാനിച്ച ശേഷം ഒമാനിൽ തുടരുന്ന പ്രവാസികൾക്കും, രാജ്യത്തിനു പുറത്തുള്ളവർക്കും വിലക്കുകൾ കൂടാതെ മറ്റൊരു തൊഴിലിടത്തിലേക്ക് മാറുന്നതിനു ഈ നിയമം ഏറെ പ്രയോജനപ്പെടുന്നതാണ്.