COVID-19 വാക്സിനേഷൻ നടപടികൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി COVID-19 രോഗമുക്തരായവർക്കും, മുലയൂട്ടുന്ന അമ്മമാർക്കും വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിക്കുന്നതിനുള്ള അനുമതി നൽകാൻ തീരുമാനിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു. ഇവർക്ക് ‘mRNA’ വാക്സിനായ ഫൈസർ COVID-19 വാക്സിൻ സ്വീകരിക്കുന്നതിനുള്ള അനുമതിയാണ് നൽകിയിരിക്കുന്നത്.
ഏപ്രിൽ 17-നാണ് DHA ഇക്കാര്യം അറിയിച്ചത്. അടുത്ത് തന്നെ ഗർഭം ധരിക്കാൻ ആലോചിക്കുന്ന സ്ത്രീകൾക്കും ഈ വാക്സിൻ സ്വീകരിക്കാമെന്നും DHA അറിയിച്ചിട്ടുണ്ട്.
പൂർണ്ണമായും COVID-19 രോഗമുക്തരായവർക്ക് വാക്സിൻ കുത്തിവെപ്പെടുക്കുന്നതിന് മൂന്ന് മാസം കാത്തിരിക്കേണ്ടതില്ലെന്നും DHA വ്യക്തമാക്കിയിട്ടുണ്ട്. ഗുരുതരമല്ലാത്തതോ, രോഗലക്ഷണങ്ങൾ പ്രകടമല്ലാത്തതോ ആയ രീതിയിൽ COVID-19 ബാധിച്ചവർക്ക്, രോഗമുക്തി നേടിയ ശേഷം, ഐസൊലേഷൻ കാലാവധി പൂർത്തിയാക്കുന്നതോടെ വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാവുന്നതാണ്. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് വിധേയമായാണ് ഈ തീരുമാനങ്ങൾ കൈക്കൊണ്ടിട്ടുള്ളതെന്ന് DHA-യിലെ COVID-19 വാക്സിനേഷൻ സ്റ്റിയറിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ. ഫരീദ അൽ ഖാജ വ്യക്തമാക്കി.