വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ദുബായ് ഹെൽത്ത് അതോറിറ്റി രക്ഷിതാക്കൾക്ക് നിർദ്ദേശങ്ങൾ നൽകി

UAE

വിദ്യാലയങ്ങളിലെത്തുന്ന മുഴുവൻ വിദ്യാർത്ഥികളുടെയും സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി രക്ഷിതാക്കൾ ശ്രദ്ധ പുലർത്തേണ്ടതായ നിർദ്ദേശങ്ങൾ ഉൾകൊള്ളുന്ന ഒരു COVID-19 സുരക്ഷാ ഗൈഡ് ദുബായ് ഹെൽത്ത് അതോറിറ്റി (DHA) പുറത്തിറക്കി. വിദ്യർത്ഥികളുടെയും, കുടുംബത്തിന്റെയും, സമൂഹത്തിന്റെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള കൃത്യമായതും, വിശ്വസനീയമായതും, ഏറ്റവും പുതിയതുമായ വിവിധ നിർദ്ദേശങ്ങളടങ്ങിയ ഈ വഴികാട്ടി DHA-യുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്.

കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടതായ 10 ശീലങ്ങൾ ഈ ഗൈഡിൽ DHA ചൂണ്ടികാട്ടിയിട്ടുണ്ട്:

  • രോഗലക്ഷണങ്ങളുള്ള കുട്ടികളെ വിദ്യാലയങ്ങളിലേക്ക് അയക്കുന്നത് ഒഴിവാക്കേണ്ടതാണ്. പനി, മേൽവേദന, ചുമ, ശ്വാസതടസം, തലവേദന, രുചി/ മണം എന്നിവ നഷ്ടമാകൽ, തലകറക്കം, തൊണ്ടവേദന, മൂക്കൊലിപ്പ്, വയറിളക്കം എന്നീ രോഗലക്ഷണങ്ങൾ പ്രകാരമാക്കുന്നവരെ വിദ്യാലയങ്ങളിലേക്ക് അയക്കരുത്. ഇത്തരം രോഗലക്ഷണങ്ങളുള്ളവർക്ക് ഉടൻ ആരോഗ്യ പരിചരണം ഉറപ്പാക്കേണ്ടതും, വിദ്യാലയങ്ങളിൽ വിവരമറിയിക്കേണ്ടതുമാണ്.
  • വിദ്യാലയങ്ങളിലേക്ക് പോകും വഴി കുട്ടികൾ ഇത്തരം രോഗലക്ഷണങ്ങൾ പ്രകടമാക്കുകയാണെങ്കിൽ, അവരെ വീടുകളിലേക്ക് തിരികെ കൊണ്ട് പോകേണ്ടതും, ആരോഗ്യ പരിചരണം ഉറപ്പാക്കേണ്ടതുമാണ്.
  • രോഗലക്ഷണങ്ങളുള്ള കുട്ടികളെ സ്‌കൂൾ ബസിൽ കയറാൻ രക്ഷിതാക്കൾ അനുവദിക്കരുത്.
  • COVID-19 രോഗബാധിതരുമായി അടുത്തിടപഴകാനിടയായ കുട്ടികളെ വിദ്യാലയങ്ങളിലേക്ക് അയക്കരുത്.
  • ആളുകൾ ഒത്ത്‌ചേരുന്ന വേദികളിലോ, ആഘോഷങ്ങളിലോ കുട്ടികൾ പങ്കെടുക്കാൻ അനുവദിക്കരുത്.
  • കുട്ടികൾക്ക് COVID-19 രോഗബാധയുമായി ബന്ധപ്പെട്ട പ്രതിരോധ മാർഗ്ഗങ്ങളിൽ അവബോധം നൽകേണ്ടതാണ്. രോഗലക്ഷണങ്ങൾ, മുൻകരുതൽ നടപടികൾ, രോഗം വ്യാപിക്കുന്ന രീതികൾ മുതലായവയിൽ കുട്ടികൾക്ക് രക്ഷിതാക്കൾ ബോധവത്കരണം നൽകേണ്ടതാണ്.
  • ആറ് വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് മാസ്കുകൾ നിർബന്ധമാണ്. കുട്ടികൾക്ക് ആവശ്യത്തിന് മാസ്കുകൾ, സാനിറ്റൈസറുകൾ എന്നിവ ഉണ്ടെന്ന് രക്ഷിതാക്കൾ ഉറപ്പ് വരുത്തേണ്ടതാണ്.
  • വിദ്യാലയങ്ങളിലെത്തുന്ന കുട്ടികൾ സ്വകാര്യ വസ്തുക്കൾ, ഭക്ഷണം മുതലായ ഒന്നും മറ്റുള്ളവരുമായി പങ്കിടാതിരിക്കാൻ രക്ഷിതാക്കൾ കുട്ടികൾക്ക് ബോധവത്‌കരണം നൽകേണ്ടതാണ്. അവർക്ക് ആവശ്യമായ എല്ലാ വസ്തുക്കളും കൈവശമുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
  • കുട്ടികളുടെ മാനസിക ആരോഗ്യത്തിൽ പ്രത്യേക ശ്രദ്ധ നൽകേണ്ടതാണ്. നിലവിലെ സാഹചര്യം മൂലം ഉടലെടുത്തേക്കാവുന്ന പേടി, വേവലാതി, ക്ലേശം എന്നിവ കുട്ടികളിൽ വലിയ മാനസിക സമ്മർദ്ദം സൃഷ്ടിക്കുന്നതിനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ രക്ഷിതാക്കൾ കുട്ടികളുമായി ആശയവിനിമയം നടത്തേണ്ടത് വളരെയധികം പ്രധാനമാണ്.
  • വീഴ്ച്ച കൂടാതെ COVID-19 പ്രതിരോധ നിർദ്ദേശങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികൾക്ക് രക്ഷിതാക്കൾ ബോധവത്‌കരണം നൽകേണ്ടതാണ്.

https://www.dha.gov.ae/Asset%20Library/COVID19/Students_COVID-19_Nov_EN.pdf എന്ന വിലാസത്തിൽ നിന്ന് DHA പുറത്തിറക്കിയ ഈ സുരക്ഷാ ഗൈഡ് ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *