എമിറേറ്റിലെ ഏതാനം മാളുകളിൽ പൊതുജനങ്ങൾക്കായി COVID-19 PCR ടെസ്റ്റിംഗ് കേന്ദ്രങ്ങൾ ആരംഭിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു. മാൾ ഓഫ് എമിറേറ്റ്‌സ്, സിറ്റി സെൻറ്റർ മിർദിഫ്, സിറ്റി സെൻറ്റർ ദെയ്റ എന്നിവിടങ്ങളിലാണ് DHA ഈ സേവനം ആരംഭിച്ചിട്ടുള്ളത്. പരിശോധനകൾക്കായി മുൻകൂർ അനുവാദം നേടുന്നവർക്ക് മാത്രമാണ് ഈ കേന്ദ്രങ്ങളിൽ PCR ടെസ്റ്റിംഗ് അനുവദിക്കുന്നത്.
DHA-യുടെ ടോൾ ഫ്രീ നമ്പറായ 800342 (800DHA) ഉപയോഗിച്ച് പരിശോധനകൾക്ക് മുൻകൂർ അനുവാദം നേടാവുന്നതാണ്. ആഴ്ചയിൽ ഏഴു ദിവസവും രാവിലെ 11 മുതൽ വൈകീട്ട് 6 വരെ മാളുകളിലെ ടെസ്റ്റിംഗ് കേന്ദ്രങ്ങളിൽ പരിശോധനകൾ നടത്താവുന്നതാണ്.
മാളുകളിൽ ആരംഭിച്ചിട്ടുള്ള COVID-19 PCR ടെസ്റ്റിംഗ് കേന്ദ്രങ്ങളിൽ പനി, ശ്വാസതടസ്സം മുതലായ രോഗലക്ഷണങ്ങൾ ഉള്ളവർക്ക് പരിശോധനകൾ അനുവദിക്കുന്നതല്ല എന്ന് DHA അറിയിച്ചിട്ടുണ്ട്. മാളുകളിലെ പരിശോധനാ കേന്ദ്രങ്ങൾ യാത്രാ സംബന്ധമായ ആവശ്യങ്ങൾക്ക് PCR ടെസ്റ്റ് റിസൾട്ട് ആവശ്യമുള്ളവർക്കായി പ്രത്യേകം ആരംഭിച്ചതാണെന്ന് DHA വ്യക്തമാക്കി.
പ്രതിദിനം 180 ടെസ്റ്റുകൾ നടത്തുന്നതിനുള്ള സൗകര്യമാണ് ഈ കേന്ദ്രങ്ങളിൽ ലഭ്യമാക്കുന്നത്. 150 ദിർഹമാണ് ടെസ്റ്റുകൾക്ക് ഈടാക്കുന്നത്. PCR പരിശോധനാ ഫലങ്ങൾ 24 മണിക്കൂറിനകം നേരിട്ട് അയച്ചു കൊടുക്കുന്നതാണെന്നും DHA കൂട്ടിച്ചേർത്തു.