DHA-യുടെ കീഴിൽ മൂന്ന് പുതിയ COVID-19 ടെസ്റ്റിംഗ് കേന്ദ്രങ്ങൾ ദുബായിൽ പ്രവർത്തനമാരംഭിച്ചു

UAE

COVID-19 പരിശോധനകൾ വിപുലമാക്കുന്നതിനായി ദുബായിൽ മൂന്ന് പുതിയ ടെസ്റ്റിംഗ് കേന്ദ്രങ്ങൾ കൂടി പ്രവർത്തനമാരംഭിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു. സെപ്റ്റംബർ 29-ന് വൈകീട്ടാണ് DHA ഇക്കാര്യം അറിയിച്ചത്.

അൽ റാഷിദിയ മജ്‌ലിസ്, അൽ ഹംരിയ പോർട്ട് മജ്‌ലിസ്, ജുമേയ്‌റ 1 പോർട്ട് മജ്‌ലിസ് എന്നിവിടങ്ങളിലാണ് DHA പരിശോധനാ കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുള്ളത്. ദിനവും 550 ടെസ്റ്റുകൾ നടത്തുന്നതിനുള്ള ശേഷിയുള്ള ഈ കേന്ദ്രങ്ങൾ ആഴ്ച്ചയിലുടനീളം രാവിലെ 11 മുതൽ വൈകീട്ട് 6 വരെയാണ് പ്രവർത്തിക്കുന്നത്.

ദുബായിൽ മൂന്ന് പുതിയ പരിശോധനാ കേന്ദ്രങ്ങൾ ചൊവ്വാഴ്ച്ച മുതൽ പ്രവർത്തനമാരംഭിച്ചതായും, 800342 എന്ന ടോൾ ഫ്രീ നമ്പറിലൂടെ പൊതുജനങ്ങൾക്ക് ഈ കേന്ദ്രങ്ങളിൽ മുൻകൂർ ബുക്കിങ്ങിലൂടെ COVID-19 PCR ടെസ്റ്റുകൾ നടത്താവുന്നതാണെന്നും DHA-യുടെ ക്ലിനിക്കൽ സപ്പോർട്ട് സർവീസസ് CEO ഡോ. ഫരീദ അൽ ഖാജ വ്യക്തമാക്കി. പുതിയ മൂന്ന് കേന്ദ്രങ്ങൾ കൂടി ആരംഭിച്ചതോടെ, അൽ ശബാബ് അൽ അഹ്‍ലി, അൽ നാസർ ക്ലബ് എന്നിവിടങ്ങളിൽ നിലവിലുള്ള ടെസ്റ്റിംഗ് കേന്ദ്രങ്ങൾ ഉൾപ്പടെ, COVID-19 പരിശോധനകൾക്ക് മാത്രമായുള്ള ടെസ്റ്റിംഗ് കേന്ദ്രങ്ങളുടെ എണ്ണം അഞ്ച് ആയിട്ടുണ്ട്.

ഇതോടെ DHA-യുടെ കീഴിലുള്ള ആരോഗ്യ കേന്ദ്രങ്ങൾ, സ്വകാര്യ ആരോഗ്യ സേവനകേന്ദ്രങ്ങൾ എന്നിവ ഉൾപ്പടെ എമിറേറ്റിലെ ദിനംപ്രതിയുള്ള ടെസ്റ്റിംഗ് ശേഷി 78000-ലേക്ക് വർധിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടാണ് ഈ പുതിയ കേന്ദ്രങ്ങൾ രൂപപ്പെടുത്തിയതെന്നും, ടെസ്റ്റിംഗ് വിപുലമാക്കുന്നതിനായ് വളരെ ചെറിയ സമയത്തിനുള്ളിൽ ഇവ ആരംഭിക്കാനായത് മികച്ച നേട്ടമാണെന്നും ഡോ. ഫരീദ അൽ ഖാജ അറിയിച്ചു. പൊതുജനങ്ങൾക്ക് COVID-19 ടെസ്റ്റിംഗ് വളരെ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനുള്ള ദുബായിയുടെ നയത്തിന്റെ ഭാഗമായാണ് ഈ പുതിയ കേന്ദ്രങ്ങൾ ആരംഭിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.

ദുബായിലെ സർക്കാർ ആശുപത്രികളിലെ COVID-19 PCR പരിശോധനാ നിരക്കുകൾ 150 ദിർഹത്തിലേക്ക് കുറച്ചതായി DHA കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.