ദുബായ്: സ്വകാര്യ വിദ്യാലയങ്ങളിലെ ജീവനക്കാർക്കിടയിൽ 35000-ത്തോളം COVID-19 ടെസ്റ്റുകൾ നടപ്പിലാക്കിയതായി DHA

UAE

പുതിയ അധ്യയന വർഷത്തിൽ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി, എമിറേറ്റിലെ സ്വകാര്യ വിദ്യാലയങ്ങളിലെ അധ്യാപകരുൾപ്പടെയുള്ള ജീവനക്കാർക്കിടയിൽ ഏതാണ്ട് 35000-ത്തോളം COVID-19 ടെസ്റ്റുകൾ നടപ്പിലാക്കിയതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) വ്യക്തമാക്കി. DHA, നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (KHDA), ദുബായിലെ COVID-19 കമാൻഡ് ആൻഡ് കണ്ട്രോൾ സെന്റർ എന്നിവർ സംയുക്തമായാണ് ഈ പരിശോധനകൾ നടപ്പിലാക്കിയത്.

2020-2021 അധ്യയന വർഷത്തിൽ സമൂഹത്തിലെയും, വിദ്യാലയങ്ങളിലെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള ദുബായ് സർക്കാരിന്റെ മുൻകരുതൽ നടപടികളുടെ ഭാഗമായാണ് സ്വകാര്യ വിദ്യാലയങ്ങളിലെ ജീവനക്കാർക്കിടയിൽ പരിശോധനകൾ നടപ്പിലാക്കിയതെന്ന് DHA വ്യക്തമാക്കി. DHA സൗജന്യമായാണ് ഈ ടെസ്റ്റുകൾ നടത്തിയത്.

ഈ പരിശോധനകൾ നടപ്പിലാക്കുന്നതിനായി ഡോക്ടർമാർ, നഴ്സുമാർ, മറ്റു ആരോഗ്യ പ്രവർത്തകർ എന്നിവരുൾപ്പെടുന്ന ഒരു പ്രത്യേക മെഡിക്കൽ സംഘത്തിന് DHA രൂപം നൽകുകയുണ്ടായി. ആറു ദിവസം കൊണ്ട്, 9 കേന്ദ്രങ്ങളിലായാണ് ഈ പരിശോധനകൾ പൂർത്തിയാക്കിയത്. പരിശോധനകളിൽ പങ്കെടുത്തവർക്ക് 12 മണിക്കൂറിനകം റിസൾട്ടുകൾ നൽകിയതായും DHA അറിയിച്ചു.