ഫിഫ വേൾഡ് കപ്പ് ഖത്തർ 2022: യാത്രികരുടെ തിരക്ക് കുറയ്ക്കുന്നതിനായി ദോഹ ഇന്റർനാഷണൽ എയർപോർട്ടിന്റെ പ്രവർത്തനം പുനരാരംഭിക്കുന്നു

GCC News

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റിനെത്തുന്ന ഫുട്ബാൾ ആരാധകരുടെ തിരക്ക് കണക്കിലെടുത്ത് ദോഹ ഇന്റർനാഷണൽ എയർപോർട്ടിന്റെ (DIA) പ്രവർത്തനം പുനരാരംഭിക്കാൻ തീരുമാനിച്ചതായി ഖത്തറിലേക്ക് സർവീസ് നടത്തുന്ന വിവിധ വ്യോമയാന കമ്പനികൾ അറിയിച്ചിട്ടുണ്ട്. 2022 സെപ്റ്റംബർ 15 മുതൽ ദോഹയിലേക്കുള്ള എല്ലാ സർവീസുകളും ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലേക്ക് (DOH) സർവീസ് നടത്തുന്നതിന് പകരം ദോഹ ഇന്റർനാഷണൽ എയർപോർട്ടിലേക്കായിരിക്കും സർവീസ് നടത്തുന്നതെന്ന് കുവൈറ്റ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ജസീറ എയർവേസ്‌ അറിയിച്ചിട്ടുണ്ട്.

2022 സെപ്റ്റംബർ 15 മുതൽ 2022 ഡിസംബർ 30 വരെ തങ്ങളുടെ ദോഹയിലേക്കുള്ള എല്ലാ വിമാനസർവീസുകളും ദോഹ ഇന്റർനാഷണൽ എയർപോർട്ടിലേക്കായിരിക്കുമെന്ന് ജസീറ എയർവേസ്‌ ട്വിറ്ററിലൂടെ വ്യക്തമാക്കി. ഖത്തർ വ്യോമയാന വകുപ്പിന്റെ നിർദ്ദേശത്തെത്തുടർന്നാണ് ഈ തീരുമാനമെന്ന് ജസീറ എയർവേസ്‌ അറിയിച്ചിട്ടുണ്ട്.

ലോകകപ്പ് മത്സരങ്ങൾക്കെത്തുന്ന ആരാധകരുടെ തിരക്ക് കണക്കിലെടുത്താണ് ഇത്തരം ഒരു തീരുമാനമെന്നാണ് അറിയാൻ കഴിയുന്നത്. എന്നാൽ ഖത്തർ അധികൃതർ ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക അറിയിപ്പുകൾ നടത്തിയിട്ടില്ല.

FlyDubai Website.

യു എ ഇ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫ്ലൈദുബായ് തങ്ങളുടെ വെബ്സൈറ്റിലൂടെ (flydubai.com) ദുബായിൽ നിന്ന് ദോഹ ഇന്റർനാഷണൽ എയർപോർട്ടിലേക്കുള്ള ടിക്കറ്റുകൾ ലഭ്യമാക്കിയിട്ടുണ്ട്.

SalamAir Website.

സമാനമായ രീതിയിൽ, ഒമാനിൽ നിന്ന് പ്രവർത്തിക്കുന്ന സലാംഎയർ തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ സലാല – മസ്കറ്റ് – ദോഹ ഇന്റർനാഷണൽ എയർപോർട്ട് യാത്രകൾക്കുള്ള ടിക്കറ്റുകളുടെ വില്പന ആരംഭിച്ചിട്ടുണ്ട്.

യാത്രാ വിമാനങ്ങൾക്കുള്ള സേവനങ്ങൾ 2014 മെയ് മാസം മുതൽ ദോഹ ഇന്റർനാഷണൽ എയർപോർട്ട് നിർത്തലാക്കിയിരുന്നു. 2014 മെയ് 27 മുതൽ ദോഹയിലേക്കുള്ള യാത്രാ വിമാനങ്ങൾ ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലേക്കാണ് സർവീസ് നടത്തുന്നത്. തുടർന്ന് ദോഹ ഇന്റർനാഷണൽ എയർപോർട്ട് മിലിറ്ററി വിമാനങ്ങൾക്കും, ഭരണാധികാരികളുടെ വിമാനങ്ങൾക്കും, ചാർട്ടർ വിമാനങ്ങൾക്കും സേവനങ്ങൾ നൽകുന്നതിനാണ് ഉപയോഗിച്ചിരുന്നത്. ലോകകപ്പ് സമയത്തെ വലിയ തിരക്ക് കണക്കിലെടുത്ത് ദോഹ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നുള്ള സേവനങ്ങൾ പുനരാരംഭിക്കുമെന്ന് നേരത്തെ സൂചനകൾ ഉണ്ടായിരുന്നു.