ഖത്തർ: ദോഹ മെട്രോ പ്രവർത്തനം പുനരാരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നു

GCC News

പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനായുള്ള നടപടികൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി, ദോഹ മെട്രോ നെറ്റ്‌വർക്കിലുടനീളം യാത്രികരെ സമൂഹ അകലം പാലിക്കേണ്ടതിന്റെ ആവശ്യകത ഓർമ്മപ്പെടുത്തുന്നതിനുള്ള ഏതാണ്ട് 18000 അടയാളങ്ങൾ പതിപ്പിച്ചതായി അധികൃതർ വ്യക്തമാക്കി. കൊറോണ വൈറസ് വ്യാപന സാഹചര്യത്തിൽ മാർച്ച് പകുതിയോടെ ദോഹ മെട്രോ സേവനങ്ങൾ നിർത്തലാക്കിയിരുന്നു. കർശനമായ ആരോഗ്യ സുരക്ഷാ മുൻകരുതലുകളോടെയാണ് ഇപ്പോൾ ദോഹ മെട്രോ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനായി തയ്യാറെടുക്കുന്നത്.

സമൂഹ അകലം ഓർമ്മപ്പെടുത്തുന്ന അടയാളങ്ങൾക്ക് പുറമെ, യാത്രക്കാരുടെ ശരീരോഷ്മാവ് പരിശോധിക്കുന്നതിനുള്ള തെർമൽ സ്കാനറുകൾ എല്ലാ സ്റ്റേഷനുകളിലും ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രികർക്കായി മെട്രോ നെറ്റ്‌വർക്കിലുടനീളം 300-ഓളം ഹാൻഡ് സാനിറ്റൈസർ ഡിസ്പെൻസറുകളും തയ്യാറാക്കിയിട്ടുണ്ട്. മെട്രോ ജീവനക്കാർക്കെല്ലാം COVID-19 പ്രതിരോധ മുൻകരുതലുകളിൽ പ്രത്യേക പരിശീലനം നൽകിവരുന്നതായും അധികൃതർ വ്യക്തമാക്കി. തുടർച്ചയായി അണുവിമുക്തമാകുന്നതിനുള്ള സംവിധാനങ്ങളും മെട്രോയിലുടനീളം നടപ്പിലാക്കിയിട്ടുണ്ട്.

ദോഹ മെട്രോയുടെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച സമയക്രമങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, രാജ്യത്തെ നാലാം ഘട്ട ഇളവുകൾ അനുവദിക്കുന്നതിനോടൊപ്പം സേവനങ്ങൾ പുനരാരംഭിക്കുമെന്ന് ജൂൺ 10-നു ഖത്തർ റെയിൽ അറിയിച്ചിരുന്നു. ഖത്തറിലെ നാലാം ഘട്ട ഇളവുകൾ സെപ്റ്റംബർ 4-നു ആരംഭിക്കുമെന്നാണ് അധികൃതർ നേരത്തെ അറിയിച്ചിരുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകൾ വരും ദിനങ്ങളിൽ പ്രതീക്ഷിക്കാവുന്നതാണ്.

Cover Photo: Qatar Rail