ഖത്തർ: മെയ് 28 മുതൽ മെട്രോ സേവനങ്ങൾ പരമാവധി ശേഷിയുടെ 30 ശതമാനത്തിലേക്ക് ഉയർത്തും; വാരാന്ത്യങ്ങളിലെ സേവനങ്ങൾ പുനരാരംഭിക്കും

GCC News

2021 മെയ് 28, വെള്ളിയാഴ്ച്ച മുതൽ ദോഹ മെട്രോ സേവനങ്ങൾ 30 ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കുമെന്ന് ഖത്തർ റയിൽ അറിയിച്ചു. ഇതോടെ മെട്രോ സേവനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ 20 ശതമാനം പ്രവർത്തനശേഷി എന്നതിൽ നിന്ന് 30 ശതമാനമാക്കി സേവനങ്ങൾ ഉയർത്തുന്നതാണ്.

നിലവിൽ വെള്ളി, ശനി ദിവസങ്ങളിൽ മെട്രോ സേവനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള താത്കാലിക വിലക്ക് മെയ് 28 മുതൽ പിൻവലിക്കാൻ തീരുമാനിച്ചതായും ഖത്തർ റയിൽ വ്യക്തമാക്കി. ഏപ്രിൽ 9 മുതലാണ് വാരാന്ത്യങ്ങളിലെ മെട്രോ സേവനങ്ങൾ നിർത്തലാക്കിയത്.

രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിലെ ഇളവുകൾ പടിപടിയായി അനുവദിക്കുന്നതിന്റെ ആദ്യ ഘട്ടം 2021 മെയ് 28, വെള്ളിയാഴ്ച്ച മുതൽ നടപ്പിലാക്കുന്നതിനുള്ള ക്യാബിനറ്റ് തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ഖത്തർ റെയിൽ വാരാന്ത്യങ്ങളിലുൾപ്പടെ മെട്രോ സേവനങ്ങൾ പുനരാരംഭിക്കുന്നത്. മെയ് 28 മുതൽ മെട്രോ, മറ്റു പൊതുഗതാഗത സംവിധാനങ്ങൾ എന്നിവ 30 ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കുന്നതിനും, വെള്ളി, ശനി ദിവസങ്ങൾ ഉൾപ്പടെ ആഴ്ച്ചയിൽ എല്ലാ ദിവസവും മെട്രോ ഉൾപ്പടെയുള്ള പൊതുഗതാഗതം അനുവദിക്കുന്നതിനുമുള്ള തീരുമാനത്തിന് കഴിഞ്ഞ ദിവസം ഖത്തർ ക്യാബിനറ്റ് അംഗീകാരം നൽകിയിരുന്നു.