സൗദി: ആഭ്യന്തര തീർത്ഥാടകർക്കുള്ള ഹജ്ജ് പാക്കേജുകൾ അടുത്ത ആഴ്ച്ച മുതൽ ലഭ്യമാകുമെന്ന് സൂചന

GCC News

2022 ഹജ്ജ് സീസണിലെ സൗദി അറേബ്യയിൽ നിന്നുള്ള ആഭ്യന്തര തീർത്ഥാടകർക്കുള്ള ഹജ്ജ് പാക്കേജുകളുടെ ബുക്കിംഗ് അടുത്ത ആഴ്ച്ച മുതൽ ആരംഭിക്കുമെന്ന് സൂചന. ആഭ്യന്തര തീർത്ഥാടകരുമായി ബന്ധപ്പെട്ട കോഓർഡിനേഷൻ കൗൺസിൽ ചെയർമാൻ സഈദ് അൽ ജുഹാനിയെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഈ വർഷത്തെ ആഭ്യന്തര തീർത്ഥാടകർക്കുള്ള ഹജ്ജ് പാക്കേജ് ബുക്കിംഗ് അടുത്ത ആഴ്ച്ച മുതൽ ആരംഭിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം സൂചിപ്പിച്ചു. ആഭ്യന്തര തീർത്ഥാടകർക്കായി 3 തരം പാക്കേജുകൾ ലഭ്യമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അംഗീകരിച്ചിട്ടുള്ള വ്യവസ്ഥകൾ പ്രകാരമുള്ള ഭക്ഷണപദാർത്ഥങ്ങളായിരിക്കും ആഭ്യന്തര തീർത്ഥാടകർക്ക് (പൗരന്മാരും, പ്രവാസികളും ഉൾപ്പടെയുള്ള) വിതരണം ചെയ്യുന്നതെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. പൗരന്മാരും, പ്രവാസികളും ഉൾപ്പടെ ആകെ ഒന്നരലക്ഷം ആഭ്യന്തര തീർത്ഥാടകർക്കാണ് ഈ ഹജ്ജ് സീസണിൽ തീർത്ഥാടനം അനുഷ്ഠിക്കുന്നതിന് അനുമതി നൽകുന്നത്.

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിന് ഒരു ദശലക്ഷം തീർത്ഥാടകർക്ക് അനുമതി നൽകുമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം 2022 മാർച്ച് 9-ന് അറിയിച്ചിരുന്നു. ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിന് അനുമതി ലഭിക്കുന്നവരിൽ ഏതാണ്ട് 85 ശതമാനം പേരും വിദേശ രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകരായിരിക്കുമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം പിന്നീട് വ്യക്തമാക്കിയിരുന്നു.

ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട് വർഷം തോറും നടപ്പിലാക്കുന്ന, മക്കയിലെ പുണ്യ സ്ഥലങ്ങളിലേക്ക് പ്രവേശിക്കുന്നതിന് പ്രവാസികൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ 2022 മെയ് 26, വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.