സൗദി അറേബ്യ: റിയാദിൽ ആദ്യത്തെ ഡ്രൈവ്-ഇൻ സിനിമ തീയറ്റർ തുറന്നു

Saudi Arabia

സൗദിയിലെ ആദ്യത്തെ ഡ്രൈവ്-ഇൻ സിനിമ തീയറ്റർ റിയാദിൽ പ്രവർത്തനമാരംഭിച്ചു. ‘MUVI Cinemas’ എന്ന സൗദി സിനിമ സംരംഭകരാണ് ഈ പോപ്പ്-അപ്പ് മൂവി തീയറ്റർ ആരംഭിച്ചിട്ടുള്ളത്. പ്രേക്ഷകർക്ക് തങ്ങളുടെ കാറുകളിൽ ഇരുന്ന് കൊണ്ട് ഈ തീയറ്ററിൽ നിന്ന് സിനിമാ പ്രദർശനം ആസ്വദിക്കാവുന്നതാണ്.

സിനിമാ പ്രദർശനങ്ങൾക്ക് രാജ്യത്ത് നിലനിന്നിരുന്ന വിലക്ക് 2018-ൽ നീക്കിയതിന് ശേഷം രാജ്യത്ത് പ്രവർത്തിക്കുന്ന ആദ്യത്തെ ഡ്രൈവ്-ഇൻ സിനിമ തീയറ്ററാണിതെന്ന് ‘MUVI Cinemas’ അവകാശപ്പെടുന്നു. സിനിമ പ്രേക്ഷകർക്ക് COVID-19 സുരക്ഷാ മുൻകരുതലുകളോടെ തീർത്തും വേറിട്ടൊരു ദൃശ്യാനുഭവമാണ് ഈ തീയറ്റർ നൽകുന്നത്.

റിയാദ് മുൻസിപ്പൽ മേഖലയിൽ പ്രവർത്തിക്കുന്ന ഈ തീയറ്ററിൽ ദിനവും മൂന്ന് പ്രദർശനങ്ങളാണ് ഒരുക്കുന്നത്. ഒരേ സമയം 150 കാറുകൾക്ക് ഈ തീയറ്ററിൽ നിന്നുള്ള പ്രദർശനം ആസ്വദിക്കാവുന്നതാണ്. സൗദിയിൽ നിർമ്മിക്കുന്ന സിനിമകൾക്ക് പുറമെ വിദേശ ചലച്ചിത്രങ്ങളും ഇവിടെ പ്രദർശിപ്പിക്കുന്നതാണ്.

ഈ ഡ്രൈവ്-ഇൻ തീയറ്ററിലെത്തുന്നവർക്ക് കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി മാസ്കുകൾ നിർബന്ധമാണ്. സമൂഹ അകലം ഉറപ്പാക്കുന്ന രീതിയിലാണ് വാഹനങ്ങളുടെ പാർക്കിങ്ങ് ഒരുക്കിയിട്ടുള്ളത്. സന്ദർശകരുടെ ശരീരോഷ്മാവ് രേഖപ്പെടുത്തുന്നതുൾപ്പടെയുള്ള മുൻകരുതൽ നടപടികൾ അധികൃതർ നടപ്പിലാക്കിയിട്ടുണ്ട്. സന്ദർശകർക്ക് വാഹനങ്ങളിലേക്ക് ഭക്ഷണപാനീയങ്ങൾ ലഭ്യമാക്കുന്നതിനുള്ള സേവനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.