ഒമാൻ: റദ്ദാക്കപ്പെട്ട ലൈസൻസ് ഉപയോഗിച്ച് വാഹനങ്ങൾ ഡ്രൈവ് ചെയ്യുന്നവർക്ക് പിഴയും, 3 മാസത്തെ തടവും ശിക്ഷയായി ലാഭിക്കാം

Oman

റദ്ദാക്കപ്പെട്ട ലൈസൻസ് ഉപയോഗിച്ച് വാഹനങ്ങൾ ഡ്രൈവ് ചെയ്യുന്നത് രാജ്യത്ത് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. മാർച്ച് 17-നാണ് പബ്ലിക് പ്രോസിക്യൂഷൻ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഇത്തരം പ്രവർത്തനങ്ങളിലേർപ്പെടുന്നവർക്ക് പിഴ ചുമത്തുന്നതിന് പുറമെ, ജയിൽ ശിക്ഷയും ലഭിക്കാമെന്ന് പ്രോസിക്യൂഷൻ പൊതുസമൂഹത്തെ ഓർമ്മപ്പെടുത്തി. രാജ്യത്തെ നിയമങ്ങൾ സംബന്ധിച്ച് പൊതുജനങ്ങൾക്ക് അവബോധം സൃഷ്ടിക്കുന്നത് ലക്ഷ്യമിട്ടാണ് അധികൃതർ ഈ അറിയിപ്പ് നൽകിയത്.

“റദ്ദാക്കപ്പെട്ട ലൈസൻസ്, പിൻവലിക്കപ്പെട്ട നമ്പർ പ്ലേറ്റ് എന്നിവയുള്ള വാഹനങ്ങൾ ഉപയോഗിക്കുന്നതും, പിൻവലിച്ചതോ, റദ്ദ് ചെയ്തതോ ആയ ഡ്രൈവർ ലൈസൻസ് ഉള്ള ആൾ വാഹനങ്ങൾ ഡ്രൈവ് ചെയ്യുന്നതും ഒമാനിൽ 3 മാസം വരെ തടവും, 500 റിയാൽ വരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്.”, പബ്ലിക് പ്രോസിക്യൂഷൻ ട്വിറ്ററിൽ പങ്ക് വെച്ച അറിയിപ്പിൽ വ്യക്തമാക്കുന്നു.