റെസ്റ്ററാൻറ്റ്, കഫെ എന്നിവയുടെ COVID-19 മാർഗ്ഗനിർദ്ദേശങ്ങളിൽ ദുബായ് മുൻസിപ്പാലിറ്റി ഭേദഗതി വരുത്തി

UAE

എമിറേറ്റിലെ റെസ്റ്ററാൻറ്റ്, കഫെ മുതലായ ഭക്ഷണശാലകളുമായി ബന്ധപ്പെട്ട കൊറോണ വൈറസ് പ്രതിരോധ മാർഗ്ഗനിർദ്ദേശങ്ങളിൽ ഭേദഗതികൾ വരുത്തിയതായി ദുബായ് മുൻസിപ്പാലിറ്റി അറിയിച്ചു. ഇത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനുള്ള ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളടങ്ങിയ വിജ്ഞാപനം #45-ലാണ് ദുബായ് മുൻസിപ്പാലിറ്റി സെപ്റ്റംബർ 25-ന് മാറ്റങ്ങൾ വരുത്തിയത്.

ഇത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും, സമൂഹത്തിലെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ലക്ഷ്യമിട്ടാണ് അധികൃതർ ഈ ഭേദഗതികൾ നടപ്പിലാക്കുന്നത്.

  • ഭക്ഷണശാലകളെത്തുന്ന ഉപഭോക്താക്കൾ – അവർ ഒരേ കുടുംബത്തിൽ നിന്നുള്ളവരാണെങ്കിൽ പോലും – മാസ്കുകൾ കർശനമായി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്. ഭക്ഷണം കഴിക്കുന്ന വേളയിലൊഴികെ മുഴുവൻ സമയവും മാസ്കുകൾ ഉപയോഗിക്കേണ്ടതാണ്.
  • ഒരേ കുടുംബത്തിൽ നിന്നുള്ള ഉപഭോക്താക്കൾക്കിടയിലും സമൂഹ അകലം ഉറപ്പാക്കേണ്ടതാണ്.
  • മേശകൾ തമ്മിൽ 2 മീറ്റർ അകലം ഉറപ്പാക്കേണ്ടതാണ്. 2 മീറ്റർ അകലം പാലിക്കാൻ കഴിയാത്ത മേശകളിൽ താത്കാലിക ഐസൊലേറ്റർ മറകൾ ഉറപ്പാക്കേണ്ടതാണ്.
  • രണ്ട് വ്യത്യസ്ത സംഘങ്ങളിലായി എത്തുന്നവർ ഇരിക്കുന്ന വലിയ മേശകളിൽ കൃത്യമായ സമൂഹ അകലം ഉറപ്പാക്കേണ്ടതാണ്.
  • ഓരോ സംഘങ്ങളിലെയും പരമാവധി എട്ടു പേർക്ക് ഒരേ മേശയിൽ ഇരിക്കാൻ അനുവദിക്കാവുന്നതാണ്. ശിഷാ കഫെകളിൽ പരമാവധി അഞ്ച് പേർക്കാണ് ഒരേ മേശയിൽ അനുമതി.