ദുബായ് യാത്രികരുടെ PCR ടെസ്റ്റിംഗ് നിർദ്ദേശങ്ങളിൽ മാറ്റം വരുത്തി; വിദേശികൾക്ക് മുൻ‌കൂർ PCR ടെസ്റ്റ് തുടരും

GCC News

ദുബായ് വിമാനത്താവളത്തിലൂടെ സഞ്ചരിക്കുന്ന യാത്രികർക്ക് ഏർപ്പെടുത്തിയിരുന്ന യാത്ര നിബന്ധനകളിൽ ഏതാനം മാറ്റങ്ങൾ വരുത്തിയതായി എമിറേറ്റിലെ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ്റ് അറിയിച്ചു. ഒക്ടോബർ 2, വെള്ളിയാഴ്ചയാണ് കമ്മിറ്റി ഇക്കാര്യം അറിയിച്ചത്. ദുബായ് എയർപോർട്ടിലൂടെ സഞ്ചരിക്കുന്നവരുടെ യാത്രാ നടപടികൾ സുഗമമാക്കുന്നതിനായാണ് ഈ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതെന്ന് കമ്മിറ്റി അറിയിച്ചിട്ടുണ്ട്.

പുതിയ നിർദ്ദേശപ്രകാരം യു എ ഇ പൗരന്മാർക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് മുൻപ് COVID-19 PCR ടെസ്റ്റുകൾ ഒഴിവാക്കിയിട്ടുണ്ട്. ദുബായിലേക്ക് യാത്ര പുറപ്പെടുന്നതിനു മുൻപ് 96 മണിക്കൂറിനിടയിൽ ലഭ്യമായ PCR നെഗറ്റീവ് സെർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരുന്ന തീരുമാനം ഇനി മുതൽ പ്രവാസികൾക്കും, സന്ദർശകർക്കും മാത്രമായിരിക്കും ബാധകമാകുന്നത്.

ദുബായിലേക്ക് യാത്ര ചെയ്യുന്നവർക്കുള്ള പുതിയ നിർദ്ദേശങ്ങൾ:

  • യു എ ഇ പൗരന്മാർക്ക് ദുബായിലേക്ക് യാത്ര തിരിക്കുന്നതിന് മുൻപായി COVID-19 PCR ടെസ്റ്റ് ആവശ്യമില്ല. ഇവർ യാത്ര പുറപ്പെടുന്ന രാജ്യം, ആ രാജ്യത്ത് താമസിച്ച കാലയളവ് എന്നിവ മാനദണ്ഡമല്ലെന്നും, ഏതു രാജ്യത്ത് നിന്നും ദുബായിലേക്ക് മടങ്ങിയെത്തുന്ന മുഴുവൻ പൗരന്മാർക്കും മുൻ‌കൂർ പരിശോധനകൾ ഒഴിവാക്കിയതായും കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. പൗരന്മാർക്ക് ദുബായ് വിമാനത്താവളത്തിൽ വെച്ച് PCR ടെസ്റ്റ് നടത്തുന്നതാണ്.
  • ദുബായിലേക്ക് മടങ്ങിയെത്തുന്ന റെസിഡൻസി വിസക്കാർ, സന്ദർശകർ എന്നിവർക്ക് നിലവിൽ നിർബന്ധമാക്കിയിട്ടുള്ള, യാത്ര പുറപ്പെടുന്നതിനു 96 മണിക്കൂറിനിടയിൽ ലഭിച്ച PCR നെഗറ്റീവ് എന്ന നിബന്ധന തുടരും.
  • ഏതാനം രാജ്യങ്ങളിൽ നിന്നും ദുബായിലെത്തുന്ന ട്രാൻസിറ്റ് യാത്രികർക്കും, അവർ ദുബായിൽ നിന്ന് സഞ്ചരിക്കുന്ന രാജ്യങ്ങളുടെ മാനദണ്ഡങ്ങൾ അനുസരിച്ചും മുൻ‌കൂർ PCR ആവശ്യമാണെങ്കിൽ, അവ തുടരും.

ദുബായിൽ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്കുള്ള പുതിയ നിർദ്ദേശങ്ങൾ:

  • ദുബായിൽ നിന്ന് സഞ്ചരിക്കുന്ന വിദേശ രാജ്യത്ത് മുൻകൂറായി PCR നെഗറ്റീവ് സെർട്ടിഫിക്കറ്റ് ആവശ്യമാണെങ്കിൽ മാത്രം, ദുബായിൽ നിന്നുള്ള യാത്രകൾക്ക് മുൻപായി പരിശോധനകൾ നടത്തുന്നതാണ്. ഈ നിയമം പൗരന്മാർ, നിവാസികൾ, സന്ദർശകർ തുടങ്ങി എല്ലാ യാത്രികർക്കും ബാധകമാണ്.

Cover Image: Dubai Airports Twitter (@DubaiAirports)