ദുബായ്: സ്വകാര്യ വിദ്യാലയങ്ങളിൽ 2021 ഒക്ടോബർ 3 മുതൽ നേരിട്ടുള്ള പഠനം ആരംഭിക്കും

UAE

2021-2022 അധ്യയന വർഷത്തിൽ, എമിറേറ്റിലെ സ്വകാര്യ വിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾക്ക് നേരിട്ടുള്ള പഠന സമ്പ്രദായം പടിപടിയായി നടപ്പിലാക്കുന്നതിന് ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് എമർജൻസി അനുമതി നൽകി. ഇത് നടപ്പിലാക്കുന്നതിന്റെ നടപടിക്രമങ്ങളും കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

ഇത് സംബന്ധിച്ച് ഓഗസ്റ്റ് 23-ന് രാത്രി കമ്മിറ്റി പുറത്തിറക്കിയ അറിയിപ്പ് പ്രകാരം അധ്യയന വർഷം ആരംഭിക്കുന്ന അവസരത്തിൽ വിദ്യാർത്ഥികൾക്ക് നേരിട്ടുള്ള പഠനരീതിയോ, വിദൂര പഠനരീതിയോ തിരഞ്ഞെടുക്കാൻ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഈ രീതി 2021 ഒക്ടോബർ 3 വരെ മാത്രമായിരിക്കുമെന്നും, ഒക്ടോബർ 3-ന് ശേഷം ദുബായിലെ സ്വകാര്യ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് നേരിട്ടുള്ള പഠനം പൂർണ്ണമായും നടപ്പിലാക്കുമെന്നും കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

2021-2022 അധ്യയന വർഷത്തെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദുബായിലെ സ്വകാര്യ സ്‌കൂളുകളിൽ നടപ്പിലാക്കുന്ന പെരുമാറ്റച്ചട്ടങ്ങൾ https://www.khda.gov.ae/CMS/WebParts/TextEditor/Documents/KHDA-Back-to-School-Protocols-2021-En.pdf എന്ന വിലാസത്തിൽ ലഭ്യമാക്കിയിട്ടുണ്ട്. വിദ്യാലയങ്ങളിലെത്തുന്ന മുഴുവൻ വിദ്യാർത്ഥികളുടെയും, ജീവനക്കാരുടെയും സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി കർശനമായ COVID-19 പ്രതിരോധ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയാണ് ഈ പെരുമാറ്റച്ചട്ടത്തിന് രൂപം നൽകിയിരിക്കുന്നത്.

അടുത്ത അധ്യയന വർഷത്തിൽ സുരക്ഷ ഉറപ്പ് വരുത്തിക്കൊണ്ട്, സ്‌കൂൾ പരിസരങ്ങളിൽ വിവിധ പരിപാടികൾ അവതരിപ്പിക്കുന്നതിനും കമ്മിറ്റി അനുമതി നൽകിയിട്ടുണ്ട്. എമിറേറ്റിലെ 96 ശതമാനം അധ്യാപകരും വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. ദുബായിലെ 12 മുതൽ 17 വയസ് വരെ പ്രായമുള്ള വിദ്യാർത്ഥികളിൽ 70 ശതമാനം പേരും ഇതുവരെ വാക്സിനെടുത്തിട്ടുണ്ട്.

WAM