ദുബായ് മുന്നോട്ട് വെക്കുന്ന വൈവിധ്യമാർന്ന സുസ്ഥിര ടൂറിസം അനുഭവങ്ങളെ എടുത്തുകാട്ടുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റ് 2023 മെയ് 1-ന് ആരംഭിക്കും. മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ട്രാവൽ ആൻഡ് ടൂറിസം എക്സിബിഷനാണ് അറേബ്യൻ ട്രാവൽ മാർക്കറ്റ്.
അറേബ്യൻ ട്രാവൽ മാർക്കറ്റിന്റെ മുപ്പതാമത് പതിപ്പ് 2023 മെയ് 1 മുതൽ മെയ് 4 വരെയാണ്. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ചാണ് ഈ ട്രാവൽ ആൻഡ് ടൂറിസം പ്രദർശനം സംഘടിപ്പിക്കുന്നത്.
എമിറേറ്റിലെ വൈവിധ്യമാർന്ന ടൂറിസം അനുഭവങ്ങൾ ഈ പ്രദർശനത്തിൽ ദുബായ് ഡിപ്പാർട്മെന്റ് ഓഫ് ഇക്കോണമി ആൻഡ് ടൂറിസം പ്രത്യേകം എടുത്ത് കാട്ടുന്നതാണ്. ദുബായിയിലെ ടൂറിസം മേഖലയെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കുന്നതിനായി നടപ്പിലാക്കുന്ന വിവിധ പദ്ധതികളും, നയങ്ങളും ഈ എക്സിബിഷനിൽ അവതരിപ്പിക്കുന്നതാണ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ടൂറിസം കേന്ദ്രങ്ങളെ പരിചയപ്പെടുത്തുന്നതും, ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളിലെ ഏറ്റവും മികച്ച ബ്രാൻഡുകളെ പരിചയപ്പെടുത്തുന്നതുമായ പ്രദർശനങ്ങൾ ഈ എക്സിബിഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടൂറിസം മേഖലയിലെ സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുന്ന ടൂറിസം ടെക്നോളജി പ്രദർശനവും അറേബ്യൻ ട്രാവൽ മാർക്കറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ആഗോളതലത്തിലെ ഏറ്റവും മുൻപന്തിയിലുള്ള എൺപതിലധികം ട്രാവൽ ടെക്നോളജി കമ്പനികൾ ഈ പ്രദർശനത്തിൽ പങ്കെടുക്കുന്നതാണ്. ഈ മേഖലയിലെ ഏറ്റവും നൂതനമായ സാങ്കേതികവിദ്യകൾ ഇവർ പ്രദർശനത്തിൽ അവതരിപ്പിക്കുന്നതാണ്. ഇതിന് പുറമെ പരിസ്ഥിതി സൗഹൃദ രീതിയിലുള്ള വിനോദസഞ്ചാരത്തിന്റെ ഏറ്റവും നൂതന പ്രവണതകൾ അവതരിപ്പിക്കുന്ന സസ്റ്റൈനബിലിറ്റി ഹബ് ഇത്തവണത്തെ അറേബ്യൻ ട്രാവൽ മാർക്കറ്റിന്റെ സവിശേഷതയാണ്.