COVID-19 രോഗബാധിതരുടെ ചികിത്സാ നടപടികൾക്ക് മാത്രമായി രണ്ട് പ്രത്യേക ആരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു. അൽ ഖവാനീജ് ഹെൽത്ത് സെന്റർ, അൽ ബദാ ഹെൽത്ത് സെന്റർ എന്നീ കേന്ദ്രങ്ങൾ COVID-19 രോഗബാധിതരുടെ ചികിത്സാ നടപടികൾക്ക് മാത്രമായി പ്രവർത്തിപ്പിക്കുമെന്നാണ് DHA അറിയിച്ചത്.
ജനുവരി 31-ന് വൈകീട്ടാണ് DHA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. DHA-യുടെ കീഴിൽ പ്രവർത്തിക്കുന്ന COVID-19 കമാൻഡ് ആൻഡ് കണ്ട്രോൾ സെന്ററിൽ നിന്നും, DHA കോൺടാക്ട് സെന്ററിൽ നിന്നും നിർദ്ദേശിക്കുന്ന COVID-19 പോസിറ്റീവ് ആയ രോഗബാധിതർക്ക് ചികിത്സ നൽകുന്നതിനായാണ് ഈ കേന്ദ്രങ്ങൾ പ്രവർത്തിക്കുക എന്ന് മെഡിക്കൽ അഫയേഴ്‌സ് വിഭാഗം ഡയറക്ടർ ഡോ. ഹനാൻ അൽ ഹമ്മാദി വ്യക്തമാക്കി. ഇത്തരം രോഗികൾക്ക് ആവശ്യമായ സമഗ്രമായ ആരോഗ്യപരിചരണം 24 മണിക്കൂറും ഉറപ്പാക്കുന്നതിന് ഈ കേന്ദ്രങ്ങളിൽ സൗകര്യമുണ്ടായിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
അൽ ഖവാനീജ് ഹെൽത്ത് സെന്ററിൽ നിന്ന് ആരോഗ്യ പരിചരണം നേടിയിരുന്ന മറ്റു രോഗികൾക്ക് അൽ തവർ, നദ് അൽ ഹമ്ര, അൽ മിസാർ എന്നീ കേന്ദ്രങ്ങളിൽ നിന്ന് ചികിത്സ സേവനങ്ങൾ സ്വീകരിക്കാമെന്നും DHA വ്യക്തമാക്കിയിട്ടുണ്ട്. അൽ ബദാ ഹെൽത്ത് സെന്ററിൽ ചികിത്സ സ്വീകരിച്ചിരുന്നവർക്ക് അൽ മൻഖൂൽ, ബർഷ എന്നീ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് സേവനങ്ങൾ ലഭിക്കുമെന്നും DHA അറിയിച്ചിട്ടുണ്ട്.