യു എ ഇ ധനകാര്യ മന്ത്രിയും, ദുബായ് ഡെപ്യൂട്ടി ഭരണാധികാരിയുമായ ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചു. യു എ ഇ പ്രധാന മന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സഹോദരനാണ് അന്തരിച്ച ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂം.
2021 മാർച്ച് 24-ന് രാവിലെ, ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്ററിലൂടെ വിവരം പങ്ക് വെക്കുകയായിരുന്നു. 1945 ഡിസംബർ 25-ന് ജനിച്ച ഇദ്ദേഹം മുൻ ദുബായ് ഭരണാധികാരി ഷെയ്ഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂമിന്റെ രണ്ടാമത്തെ മകനാണ്. 1971-ലാണ് അദ്ദേഹം യു എ ഇ ധനകാര്യ മന്ത്രിയായി ചുമതലയേറ്റത്. യു എ ഇയുടെ സാമ്പത്തിക നയങ്ങൾ രൂപീകരിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്ക് വഹിച്ചു.
1995 ജനുവരി 4-നാണ് ഇദ്ദേഹം ദുബായ് ഡെപ്യൂട്ടി ഭരണാധികാരിയായി ചുമതലയേറ്റത്. ദുബായ് മുൻസിപ്പാലിറ്റി, ദുബായ് അലുമിനിയം, ദുബായ് നാച്ചുറൽ ഗ്യാസ് കമ്പനി, ദുബായ് വേൾഡ് ട്രേഡ് സെന്റർ തുടങ്ങി നിരവധി സർക്കാർ സ്ഥാപനങ്ങളിൽ അദ്ദേഹം അധ്യക്ഷപദവി വഹിച്ചിട്ടുണ്ട്. ദുബായ് പോർട്ട് അതോറിറ്റി ഭരണസമിതി പ്രസിഡന്റായും അദ്ദേഹം ചുമതല നിറവേറ്റിയിരുന്നു. ഒപെക് രാജ്യങ്ങൾ, IMF എന്നിവയിൽ യു എ ഇയുടെ പ്രധാന പ്രതിനിധിയായിരുന്നു.