ദുബായിലെ COVID-19 വ്യാപനം തടയുന്നതിനും, സമൂഹ സുരക്ഷയ്ക്കുമായി ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ മെയ് 12 മുതൽ കൂടുതൽ ഇളവുകൾ അനുവദിച്ച് കൊണ്ട് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മന്റ് തീരുമാനമായി. നിലവിലുള്ള സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം, നിയന്ത്രണങ്ങളിൽ പാലിക്കേണ്ട മാനദണ്ഡങ്ങളിൽ ആവശ്യമായ ചെറിയ മാറ്റങ്ങൾ വരുത്തുകയാണ് ചെയ്തതെന്ന് അധികൃതർ വ്യക്തമാക്കി.
ഈ തീരുമാനത്തോടെ വിവിധ മേഖലകളിലുള്ള നിയന്ത്രണങ്ങളിൽ, കൂടുതൽ ഇളവുകൾ പ്രാബല്യത്തിൽ വരുന്നതാണ്.
നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തുന്നതിന്റെ ഭാഗമായി മെയ് 13 മുതൽ ട്രാം, ദുബായ് ഫെറി സർവീസുകൾ, വാട്ടർ ടാക്സി സേവനങ്ങൾ, കാർ ഷെയറിങ് സേവനങ്ങൾ എന്നിവ റോഡ്സ് ആൻഡ് ട്രാൻസ്പോർട്സ് അതോറിറ്റി (RTA) തീരുമാനിക്കുന്ന സമയക്രമങ്ങൾ അനുസരിച്ച് പുനരാരംഭിക്കും.
മാളുകളിലും, വാണിജ്യ കേന്ദ്രങ്ങളിലും ട്രയൽ റൂം സേവനങ്ങൾ, വാങ്ങിച്ച സാധനങ്ങളുടെ തിരിച്ചെടുക്കൽ സേവനങ്ങൾ എന്നിവ കർശനമായ സുരക്ഷാ ഉപാധികളോടെ വീണ്ടും ആരംഭിക്കുന്നതാണ്. മാളുകളിലെയും വാണിജ്യ കേന്ദ്രങ്ങളിലെയും നിലവിലുള്ള മറ്റ് ആരോഗ്യ സുരക്ഷാ നിയന്ത്രണങ്ങൾ തുടരും.
പുതിയ ഇളവുകളുടെ ഭാഗമായി ദുബായിലെ പൊതു പാർക്കുകൾ നിയന്ത്രണങ്ങളോടെ ജനങ്ങൾക്കായി തുറന്ന് കൊടുക്കാനും തീരുമാനിച്ചിട്ടുണ്ട്. പാർക്കുകളിൽ അഞ്ചോ അതിൽ കൂടുതൽ പേരോ ഒത്തു കൂടുന്നതിന് അനുവാദമുണ്ടായിരിക്കില്ല. ഹോട്ടലുകളിലെ പ്രൈവറ്റ് ബീച്ചുകൾ തുറന്ന് പ്രവർത്തിപ്പിക്കാനും അനുവാദം നൽകും. സമൂഹ അകലം പാലിച്ച് കൊണ്ട്, ഇത്തരം ബീച്ചുകളിൽ ഹോട്ടലുകളിലെ അതിഥികൾക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക.
തുറന്ന ഇടങ്ങളിൽ അഞ്ചിൽ താഴെ ആളുകൾക്ക് ഒരുമിച്ച് സൈക്ലിംഗ്, സ്കൈ ഡൈവിംഗ്, വാട്ടർ സ്പോർട്സ് മുതലായ കായിക വിനോദങ്ങളിൽ ഏർപ്പെടുന്നതിനും അനുമതി നൽകുന്നതാണ്. COVID-19 വ്യാപനം തടയുന്നതിനായി ജനങ്ങൾ, അധികൃതർ നൽകുന്ന ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണെന്ന് സുപ്രീം കമ്മിറ്റി ഇളവുകൾ സംബന്ധിച്ച വിവരങ്ങൾ അറിയിച്ചു കൊണ്ട് കൂട്ടിച്ചേർത്തു.