ദുബായ്: അൽ റാസ്, നൈഫ് മേഖലകളിൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി

GCC News

ദുബായിലെ അൽ റാസ്, നൈഫ് മേഖലകളിൽ പ്രാബല്യത്തിലുണ്ടായിരുന്ന 24 മണിക്കൂർ യാത്രാ നിയന്ത്രണങ്ങളിൽ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് ഇളവുകൾ അനുവദിച്ചു. ഈ രണ്ട് മേഖലയിലും കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ഒരു COVID-19 പോസിറ്റീവ് കേസ് പോലും റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം.

മാർച്ച് 31 മുതൽ അൽ റാസ് മേഖലകയിൽ കർശനമായ സുരക്ഷാ നിയന്ത്രണങ്ങളും, ആരോഗ്യ പരിശോധനകളും നടന്നു വരികയായിരുന്നു. ഈ കാലയളവിൽ 6000 പേരെയാണ് COVID-19 പരിശോധനകൾക്ക് വിധേയരാക്കിയതെന്ന് അധികൃതർ വ്യക്തമാക്കി. രോഗബാധയുള്ളവരെ കണ്ടെത്തി മറ്റുള്ളവരിൽ നിന്ന് ഐസൊലേറ്റ് ചെയ്യാൻ സാധിച്ചതിലൂടെ ഈ മേഖലയിൽ കൊറോണാ വൈറസ് വ്യാപനം തടയുന്നത് ഉറപ്പാക്കാൻ കഴിഞ്ഞെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ഈ മേഖലയിലെ നിവാസികളുടെ പൂർണ്ണ സഹകരണം ആരോഗ്യ പരിശോധനകളുടെയും, അണുനശീകരണ പരിപാടികളുടെയും വിജയം ഉറപ്പാക്കിയെന്നും അധികൃതർ കൂട്ടിച്ചേർത്തു. മേഖലയിൽ നിയന്ത്രണങ്ങൾക്ക് ഇളവുകൾ നൽകിയെങ്കിലും ദിനവും രാത്രി 10 മുതൽ രാവിലെ 6 വരെ യു എ ഇയിൽ മുഴുവൻ എമിറേറ്റുകളിലും ഏർപ്പെടുത്തിയിട്ടുള്ള ശുചീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ഇവിടെയും തുടരും.