COVID-19 പ്രതിരോധത്തിന്റെ ഭാഗമായി ദുബായ് ഇക്കണോമി നടപ്പിലാക്കി വരുന്ന പരിശോധനകളിൽ, സുരക്ഷാ നിർദ്ദേശങ്ങളിലെ വീഴ്ച്ചകൾ കണ്ടെത്തിയ എമിറേറ്റിലെ 24 വാണിജ്യ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയതായി അധികൃതർ അറിയിച്ചു. സെപ്റ്റംബർ 23-ന് ആകെ 684 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനകളിൽ, 655 സ്ഥാപനങ്ങളിൽ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി നടപ്പിലാക്കപ്പെടുന്നുണ്ടെന്ന് അധികൃതർ കണ്ടെത്തി.
പിഴ ചുമത്തിയ 24 വ്യാപാര സ്ഥാപനങ്ങളിൽ, 17 ഇടങ്ങളിലും ജീവനക്കാർക്കിടയിൽ മാസ്കുകളുടെ ഉപയോഗത്തിലുള്ള വീഴ്ച്ചകൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. സമൂഹ അകലം ഉറപ്പാക്കുന്നതിലെ വീഴ്ച്ചകൾക്കാണ് 7 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയത്. പിഴ ചുമത്തപ്പെട്ട സ്ഥാപനങ്ങളിൽ അൽ മംസാർ, അൽ സബ്ക, നൈഫ് എന്നീ മേഖലകളിലെ ഒരു വാണിജ്യ കേന്ദ്രം, ഏതാനം ചില്ലറവില്പന ശാലകൾ, എസി സ്പെയർപാർട്ട്സ് ഷോപ്പ്, വസ്ത്ര വ്യാപാര കേന്ദ്രം, മൊബൈൽ ഷോപ്പ് എന്നിവ ഉൾപ്പെടുന്നു.
സാമൂഹിക അകലം ഓർമ്മപ്പെടുത്തുന്നതിനായുള്ള അടയാള സ്റ്റിക്കറുകൾ പ്രദർശിപ്പിക്കുന്നതിൽ വീഴ്ച്ച വരുത്തിയ 5 സ്ഥാപനങ്ങൾക്ക് താക്കീത് നൽകിയതായും അധികൃതർ അറിയിച്ചു. രോഗവ്യാപനം തടയുന്നതിനും, സുരക്ഷാ നിർദ്ദേശങ്ങളെ കുറിച്ച് അവബോധം ഉളവാക്കുന്നതിനുമാണ് ദുബായിലുടനീളമുള്ള വ്യാപാര കേന്ദ്രങ്ങളിലും, വാണിജ്യ സ്ഥാപനങ്ങളിലും ദുബായ് ഇക്കണോമിയുടെ ഉദ്യോഗസ്ഥർ പരിശോധനകൾ നടത്തുന്നത്.
രോഗവ്യാപനം തടയുന്നതിനും, പൊതുസമൂഹത്തിന്റെ സുരക്ഷയ്ക്കായും പ്രതിരോധ നിർദ്ദേശങ്ങൾ കർശനമായി നടപ്പിലാക്കാൻ മുഴുവൻ സ്ഥാപനങ്ങളോടും ദുബായ് ഇക്കണോമി ആവശ്യപ്പെട്ടിട്ടുണ്ട്. വീഴ്ച്ചകൾ കണ്ടെത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ ഉണ്ടാകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഇത്തരത്തിലുള്ള സുരക്ഷാ വീഴ്ച്ചകളെക്കുറിച്ചുള്ള വിവരങ്ങൾ 600545555 എന്ന നമ്പറിലോ, consumerrights.ae എന്ന വെബ്സൈറ്റിലൂടെയോ, ദുബായ് ഇക്കണോമിയുടെ ആപ്പിലൂടെയോ ഉപഭോക്താക്കൾക്ക് പങ്ക് വെക്കാവുന്നതാണ്.