COVID-19 പ്രതിരോധത്തിന്റെ ഭാഗമായി ദുബായ് ഇക്കണോമി നടപ്പിലാക്കി വരുന്ന പരിശോധനകളിൽ, സുരക്ഷാ നിർദ്ദേശങ്ങളിലെ വീഴ്ച്ചകൾ കണ്ടെത്തിയ എമിറേറ്റിലെ 4 ചില്ലറ വില്പനശാലകൾക്ക് പിഴ ചുമത്തിയതായി അധികൃതർ അറിയിച്ചു. രോഗവ്യാപനം തടയുന്നതിനും, സുരക്ഷാ നിർദ്ദേശങ്ങളെ കുറിച്ച് അവബോധം ഉളവാക്കുന്നതിനുമാണ് ദുബായിലുടനീളമുള്ള വ്യാപാര കേന്ദ്രങ്ങളിലും, വാണിജ്യ സ്ഥാപനങ്ങളിലും ദുബായ് ഇക്കണോമിയുടെ ഉദ്യോഗസ്ഥർ പരിശോധനകൾ നടത്തുന്നത്.
സെപ്റ്റംബർ 21-ലെ പരിശോധനകളിൽ പിഴ ചുമത്തപ്പെട്ട മൂന്ന് സ്ഥാപനങ്ങളിൽ, ജീവനക്കാർക്കിടയിൽ മാസ്കുകളുടെ ഉപയോഗത്തിലുള്ള വീഴ്ച്ചകളും, മറ്റൊരു സ്ഥാപനത്തിൽ സമൂഹ അകലം ഉറപ്പാകുന്നതിലെ വീഴ്ച്ചകളുമാണ് കണ്ടെത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. സാമൂഹിക അകലം ഓർമ്മപ്പെടുത്തുന്നതിനായുള്ള അടയാള സ്റ്റിക്കറുകൾ പ്രദർശിപ്പിക്കുന്നതിൽ വീഴ്ച്ച വരുത്തിയ 18 സ്ഥാപനങ്ങൾക്ക് താക്കീത് നൽകിയതായും അധികൃതർ അറിയിച്ചു.
ഈ പരിശോധനകൾ പ്രകാരം ഏതാണ്ട് 691 സ്ഥാപനങ്ങളിൽ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി നടപ്പിലാക്കപ്പെടുന്നുണ്ടെന്ന് അധികൃതർ ഉറപ്പ് വരുത്തിയിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിനും, പൊതുസമൂഹത്തിന്റെ സുരക്ഷയ്ക്കായും പ്രതിരോധ നിർദ്ദേശങ്ങൾ കർശനമായി നടപ്പിലാക്കാൻ മുഴുവൻ സ്ഥാപനങ്ങളോടും ദുബായ് ഇക്കണോമി ആവശ്യപ്പെട്ടിട്ടുണ്ട്.
വീഴ്ച്ചകൾ കണ്ടെത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ ഉണ്ടാകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഇത്തരത്തിലുള്ള സുരക്ഷാ വീഴ്ച്ചകളെക്കുറിച്ചുള്ള വിവരങ്ങൾ 600545555 എന്ന നമ്പറിലോ, consumerrights.ae എന്ന വെബ്സൈറ്റിലൂടെയോ, ദുബായ് ഇക്കണോമിയുടെ ആപ്പിലൂടെയോ ഉപഭോക്താക്കൾക്ക് പങ്ക് വെക്കാവുന്നതാണ്.