ദുബായ്: കൊറോണ വൈറസ് മുൻകരുതൽ നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തിയ കഫേ അടച്ച്‌പൂട്ടി; 9 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി

UAE

സമൂഹ അകലം ഉൾപ്പടെയുള്ള COVID-19 മുൻകരുതൽ നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തിയ, അൽ സീഫിൽ പ്രവർത്തിക്കുന്ന ഒരു കഫേ അടച്ച് പൂട്ടിയതായി ദുബായ് ഇക്കോണമി അറിയിച്ചു. ദുബായ് ഇക്കോണമി, ദുബായ് ടൂറിസം എന്നിവർ സംയുക്തമായാണ് ആരോഗ്യ സുരക്ഷാ വീഴ്ച്ചകൾ വരുത്തിയ സ്ഥാപനത്തിനെതിരെ നടപടിയെടുത്തത്.

https://twitter.com/Dubai_DED/status/1307959359633227778

ഇതിനു പുറമെ, എമിറേറ്റിലെ വാണിജ്യ മേഖലയിൽ, കൊറോണ വൈറസ് പ്രതിരോധ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി ദുബായ് ഇക്കോണമി നടത്തി വരുന്ന പരിശോധനകളിൽ, 9 സ്ഥാപനങ്ങൾക്ക് കൂടി പിഴ ചുമത്തിയതായി അധികൃതർ സെപ്റ്റംബർ 21-ന് അറിയിച്ചു. ജീവനക്കാരുടെ ഇടയിൽ സമൂഹ അകലം, മാസ്കുകളുടെ ഉപയോഗം എന്നിവയിൽ കണ്ടെത്തിയ വീഴ്ചകളെത്തുടർന്നാണ് ഈ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയത്.

സാമൂഹിക അകലം ഓർമ്മപ്പെടുത്തുന്നതിനായുള്ള അടയാള സ്റ്റിക്കറുകൾ പ്രദർശിപ്പിക്കുന്നതിൽ വീഴ്ച്ച വരുത്തിയ 6 സ്ഥാപനങ്ങൾക്ക് താക്കീത് നൽകിയതായും അധികൃതർ അറിയിച്ചു. ഈ പരിശോധനകൾ പ്രകാരം ഏതാണ്ട് 668 സ്ഥാപനങ്ങളിൽ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി നടപ്പിലാക്കപ്പെടുന്നുണ്ടെന്ന് അധികൃതർ ഉറപ്പ് വരുത്തിയിട്ടുണ്ട്.

ഉം ഹുറൈർ മേഖലയിലെ ഒരു ഭക്ഷണശാല, വിവിധ ഷോപ്പിംഗ് മാളുകളിലെ ചില്ലറ വ്യാപാരശാലകൾ, അബു ഹൈലിലെ ഒരു തയ്യൽ കേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങൾക്കാണ് പിഴ ചുമത്തിയത്. ദുബായ് സ്പോർട്സ് കൗൺസിലുമായി ചേർന്ന് അൽ സഫ 1 ഏരിയയിലെ ഒരു ജിംനേഷ്യത്തിനും പിഴ ചുമത്തിയിട്ടുണ്ട്.

രോഗവ്യാപനം തടയുന്നതിനും, സുരക്ഷാ നിർദ്ദേശങ്ങളെ കുറിച്ച് അവബോധം ഉളവാക്കുന്നതിനുമാണ് ദുബായിലുടനീളമുള്ള വ്യാപാര കേന്ദ്രങ്ങളിലും, വാണിജ്യ സ്ഥാപനങ്ങളിലും ദുബായ് ഇക്കണോമിയുടെ ഉദ്യോഗസ്ഥർ പരിശോധനകൾ നടത്തുന്നത്. രോഗവ്യാപനം തടയുന്നതിനും, പൊതുസമൂഹത്തിന്റെ സുരക്ഷയ്ക്കായും പ്രതിരോധ നിർദ്ദേശങ്ങൾ കർശനമായി നടപ്പിലാക്കാൻ മുഴുവൻ സ്ഥാപനങ്ങളോടും ദുബായ് ഇക്കണോമി ആവശ്യപ്പെട്ടിട്ടുണ്ട്.

വീഴ്ച്ചകൾ കണ്ടെത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ ഉണ്ടാകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഇത്തരത്തിലുള്ള സുരക്ഷാ വീഴ്ച്ചകളെക്കുറിച്ചുള്ള വിവരങ്ങൾ 600545555 എന്ന നമ്പറിലോ, consumerrights.ae എന്ന വെബ്സൈറ്റിലൂടെയോ, ദുബായ് ഇക്കണോമിയുടെ ആപ്പിലൂടെയോ ഉപഭോക്താക്കൾക്ക് പങ്ക് വെക്കാവുന്നതാണ്.

COVER PHOTO: WAM