കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയിട്ടുള്ള ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ വാണിജ്യ സ്ഥാപനങ്ങളും, വ്യാപാരശാലകളും നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള നടപടികൾ ദുബായ് ഇക്കോണമി കർശനമാക്കി. ഇത്തരം നിർദ്ദേശങ്ങളിലെ വീഴ്ച്ചകൾ കണ്ടെത്തുന്നതിനായുള്ള പ്രത്യേക പരിശോധനകൾ ദുബായ് ഇക്കോണമി തുടർന്ന് വരികയാണെന്നും അധികൃതർ വ്യക്തമാക്കി. വൈറസ് വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയ മാസ്കുകൾ, കയ്യുറകൾ എന്നിവയുടെ ഉപയോഗം, സാമൂഹിക അകലം തുടങ്ങിയ മുൻകരുതലുകൾ വ്യാപാരസ്ഥാപന ഉടമകളും, ഉപഭോക്താക്കളും കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് കണ്ടെടുത്തുന്നതിനായാണ് അധികൃതർ പരിശോധനകൾ ശക്തമാക്കിയിട്ടുള്ളത്.
സാമൂഹിക അകലം നടപ്പിലാക്കുന്നതിൽ വീഴ്ചവരുത്തിയ സത്വയിലെ ഒരു ഭക്ഷണശാല നടപടിയുടെ ഭാഗമായി അടപ്പിച്ചതായും അധികൃതർ അറിയിച്ചു. സൗജന്യമായി ഭക്ഷണം വിതരണം ചെയ്തതിനാൽ ഈ ഭക്ഷണശാലയിൽ വലിയ ആൾക്കൂട്ടം അനുഭവപ്പെട്ടിരുന്നു. സാമൂഹിക അകലം നടപ്പിലാക്കുന്നതിലും, ജീവനക്കാർക്കിടയിൽ മാസ്കുകളുടെ ഉപയോഗം നടപ്പിലാക്കുന്നതിലും വീഴ്ചകൾ കണ്ടെത്തിയ ഒരു ഫിറ്റ്നസ് കേന്ദ്രത്തിനു പിഴചുമത്തിയതായും ദുബായ് ഇക്കോണമി വ്യക്തമാക്കി.
ദുബായിലുടനീളമുള്ള വ്യാപാര കേന്ദ്രങ്ങളിലും, വാണിജ്യ സ്ഥാപനങ്ങളിലും ദുബായ് എക്കണോമിയുടെ ഉദ്യോഗസ്ഥർ പരിശോധനകൾ തുടരുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിനും, സുരക്ഷാ നിർദ്ദേശങ്ങളെ കുറിച്ച് അവബോധം ഉളവാക്കുന്നതിനുമാണ് ഈ പരിശോധനാ നടപടികൾ ലക്ഷ്യമിടുന്നത്.
വീഴ്ചകൾ കണ്ടെത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശനമായ നിയമനടപടികൾ ഉണ്ടാകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഇത്തരത്തിലുള്ള സുരക്ഷാ വീഴ്ചകളെക്കുറിച്ചുള്ള വിവരങ്ങൾ 600545555 എന്ന നമ്പറിലോ, consumerrights.ae എന്ന വെബ്സൈറ്റിലൂടെയോ, ദുബായ് ഇക്കണോമിയുടെ ആപ്പിലൂടെയോ ഉപഭോക്താക്കൾക്ക് പങ്ക് വെക്കാവുന്നതാണ്.