കൊറോണാ വൈറസ് പശ്ചാത്തലത്തിൽ തൊഴിൽ നഷ്‌ടമായ പ്രവാസികൾക്ക് ആശ്വാസമാകുന്ന തീരുമാനവുമായി ദുബായിലെ ജനറൽ ഡയറക്ടറേറ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA).
നിലവിലെ സാഹചര്യത്തിൽ ജോലി നഷ്‌ടമായ പ്രവാസികളുടെ റെസിഡന്റ് വിസ നിലനിർത്തികൊണ്ട് അവർക്ക് മറ്റൊരു സ്ഥാപനത്തിൽ തൊഴിൽ തേടാനും, ഒരു സ്ഥാപനത്തിൽ നിന്ന് മറ്റൊരു സ്ഥാപനത്തിലേക്ക് എളുപ്പത്തിൽ വിസ മാറ്റാനും സഹായകരമാകുന്ന നടപടികൾ കൈക്കൊള്ളുമെന്ന് GDRFA ഡയറക്ടർ മേജർ ജനറൽ മുഹമ്മദ് അൽ മാരി ഏപ്രിൽ 17, വെള്ളിയാഴ്ച്ച വിർച്യുൽ സംവിധാനത്തിലൂടെ നൽകിയ ഒരു പത്ര സമ്മേളനത്തിൽ വ്യക്തമാക്കി.
ജോലി നഷ്ടമായവർ പുതിയ തൊഴിൽ കണ്ടെത്തിയാൽ അവരുടെ റെസിഡൻസി പുതിയ സ്‌പോൺസറുടെ കീഴിലേക്ക് എളുപ്പത്തിൽ മാറ്റാവുന്ന പ്രക്രിയ ഉപയോഗിക്കുമെന്നും, അല്ലെങ്കിൽ നിലവിലെ റെസിഡൻസി 2020 അവസാനം വരെ തുടർന്ന് കൊണ്ട് പുതിയ ജോലി തേടാമെന്നും അദ്ദേഹം അറിയിച്ചു. മാർച്ച് 1-നു കാലാവധി തീർന്ന റസിഡന്റ് വിസകൾക്ക് ഈ വർഷം അവസാനം വരെ സാധുതയുണ്ടായിരിക്കുമെന്നും, ഈ കാലയളവിൽ നിവാസികൾക്ക് പിഴത്തുക ഒന്നും കൂടാതെ നിയമപരമായി യു എ ഇയിൽ തുടരാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ തൊഴിൽ തേടുന്നതിന് ഇത്തരക്കാർക്ക് തടസങ്ങളില്ലെന്നും, ജോലി ലഭിക്കുന്ന മുറയ്ക്ക് വിസ മാറുന്നതിനുള്ള നടപടികൾ GDRFA കൈക്കൊള്ളുമെന്നും, യു എ ഇയിലെ COVID-19 പ്രവർത്തനങ്ങളോട് പ്രവാസികൾ നൽകുന്ന സഹകരണത്തിനു അഭിനന്ദനം അറിയിച്ച് കൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു.