ദുബായ്: ഗ്ലോബൽ വില്ലേജ് ഇരുപത്താറാം സീസൺ സമാപിച്ചു; ആകെ 7.8 ദശലക്ഷം സന്ദർശകർ

UAE

മേഖലയിലെ ഏറ്റവും വലിയ കലാ സാംസ്‌കാരിക വാണിജ്യ മേളയായ ഗ്ലോബൽ വില്ലേജിന്റെ ഇരുപത്താറാം സീസൺ 2022 മെയ് 7-ന് സമാപിച്ചു. ആകെ 7.8 ദശലക്ഷം സന്ദർശകരാണ് വിനോദങ്ങളുടെയും, ഷോപ്പിങ്ങിന്റെയും മായികലോകം തീർത്ത ഗ്ലോബൽ വില്ലേജിന്റെ ഇരുപത്താറാം സീസൺ സന്ദർശിച്ചത്.

7.8 ദശലക്ഷം സന്ദർശകർ എന്ന റെക്കോർഡ് നേട്ടം കൈവരിക്കാനായതിൽ ഗ്ലോബൽ വില്ലേജ് അധികൃതർ നന്ദി രേഖപ്പെടുത്തി. ഇരുപത്തേഴാം സീസൺ സന്ദർശകർക്കായി മികച്ച അനുഭവങ്ങൾ ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചതായി അധികൃതർ കൂട്ടിച്ചേർത്തു.

ഗ്ലോബൽ വില്ലേജിന്റെ ഇരുപത്താറാം സീസൺ ഇതുവരെയുള്ള ഗ്ലോബൽ വില്ലേജ് സീസണുകളിൽ ഏറ്റവും വിജയകരമായ സീസണായി മാറിയെന്ന് സി ഇ ഓ ബദർ അൻവാഹി അറിയിച്ചു. കുടുംബങ്ങൾക്ക് ഒത്തൊരുമിക്കാവുന്ന മേഖലയിലെ ഏറ്റവും മികച്ച സാംസ്‌കാരിക, വാണിജ്യ, വിനോദ കേന്ദ്രമെന്ന ഗ്ലോബൽ വില്ലേജിന്റെ പദവിയ്ക്ക് കരുത്ത് പകരുന്നതിന് ഈ നേട്ടം സഹായകമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഗ്ലോബൽ വില്ലേജിന്റെ ഇരുപത്താറാം സീസൺ 2022 ഏപ്രിൽ 10 വരെ സന്ദർശകരെ സ്വീകരിക്കുമെന്നാണ് അധികൃതർ ആദ്യ ഘട്ടത്തിൽ അറിയിച്ചിരുന്നത്. എന്നാൽ റമദാൻ, ഈദ് എന്നിവയുടെ അവസരത്തിൽ സന്ദർശകർക്ക് ഗ്ലോബൽ വില്ലേജ് വേദിയിൽ സമയം ചെലവഴിക്കാൻ അവസരം നൽകുന്നതിനായി മേള മെയ് 7 വരെ നീട്ടുകയായിരുന്നു.

ഗ്ലോബൽ വില്ലേജിന്റെ ഇരുപത്താറാം സീസൺ 2021 ഒക്ടോബർ 26-നാണ് സന്ദർശകർക്കായി ഔദ്യോഗികമായി തുറന്ന് കൊടുത്തത്.