കൊറോണാ വൈറസ് വ്യാപനം തടയാൻ ദുബായ് ഹെൽത്ത് അതോറിറ്റി (DHA) COVID-19 നിവാരണ പരിശോധനാ പ്രവർത്തനങ്ങൾ ദുബായിൽ വിവിധയിടങ്ങളിൽ നടത്തിവരുന്നതായി അധികൃതർ അറിയിച്ചു. ദുബായ് പോലീസ്, ദുബായ് മുൻസിപ്പാലിറ്റി, ദുബായ് കോർപറേഷൻ ഫോർ ആംബുലൻസ് സർവീസസ് എന്നീ സംവിധാനങ്ങളുമായി സഹകരിച്ചും, സ്വകാര്യ മേഖലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളുമായി ചേർന്നുമാണ് DHA ഈ COVID-19 പരിശോധനാ പ്രവർത്തനങ്ങൾ നടത്തുന്നത്.
രോഗവ്യാപനം തടയുന്നതിനായി DHA രൂപം കൊടുത്തിട്ടുള്ള പദ്ധതികളുടെ ഭാഗമായാണ്, ജനസാന്ദ്രത കൂടുതലുള്ള ഇടങ്ങളിൽ വൈറസിന്റെ വ്യാപനം തടയുന്നത് ലക്ഷ്യമിട്ടുള്ള ഈ പ്രവർത്തനങ്ങൾ. ജനസാന്ദ്രത കൂടുതലുള്ള ഇടങ്ങളിൽ COVID-19 പരിശോധനകൾ നടത്തുന്നതിലൂടെ രോഗബാധിതരെ പെട്ടന്ന് കണ്ടെത്താനും, മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കുന്നതിനായി രോഗബാധിതരെയും അവരുമായി ഇടപഴകിയവരെയും ക്വാറന്റീൻ ചെയ്യുന്നതിനുമാണ് DHA ലക്ഷ്യമിടുന്നത്.