ദുബായ്: മൂന്ന് പുതിയ COVID-19 ഡ്രൈവ്-ത്രൂ പരിശോധനാ കേന്ദ്രങ്ങൾ ആരംഭിച്ചതായി DHA

UAE

എമിറേറ്റിൽ COVID-19 PCR ടെസ്റ്റിംഗ് സേവനങ്ങൾ നൽകുന്നതിനായി മൂന്ന് പുതിയ ഡ്രൈവ്-ത്രൂ പരിശോധനാ കേന്ദ്രങ്ങൾ ആരംഭിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

യൂണിലാബുമായി ചേർന്നാണ് DHA ഈ പുതിയ COVID-19 ഡ്രൈവ്-ത്രൂ പരിശോധനാ കേന്ദ്രങ്ങൾ ആരംഭിച്ചിരിക്കുന്നത്. അൽ മൻഖൂൽ, നദ് അൽ ശെബ, നദ് അൽ ഹമ്മർ എന്നിവിടങ്ങളിലാണ് ഈ പുതിയ COVID-19 ഡ്രൈവ്-ത്രൂ പരിശോധനാ കേന്ദ്രങ്ങൾ ആരംഭിച്ചിരിക്കുന്നത്.

പുതിയതായി ആരംഭിച്ച ഈ ഓരോ കേന്ദ്രത്തിൽ നിന്നും പ്രതിദിനം 1500 പരിശോധനകൾ നടത്തുന്നതിന് സൗകര്യമുണ്ടെന്നും DHA വ്യക്തമാക്കിയിട്ടുണ്ട്. ഈ കേന്ദ്രങ്ങൾ ആഴ്ച്ചയിൽ ഏഴ് ദിവസവും, മുഴുവൻ സമയവും സേവനങ്ങൾ നൽകുന്ന രീതിയിലാണ് പ്രവർത്തിക്കുന്നത്.

ഇതിന് പുറമെ, അൽ ലുസൈലിയിൽ ഒരു COVID-19 സ്ക്രീനിംഗ് ഹാൾ പ്രവർത്തനമാരംഭിച്ചതായും DHA കൂട്ടിച്ചേർത്തു. ഈ ഹാളിൽ നിന്നുള്ള സേവനങ്ങൾ DHA ആപ്പിലൂടെയുള്ള മുൻ‌കൂർ ബുക്കിങ്ങുകൾ പ്രകാരം മാത്രമാണ് ലഭ്യമാക്കുന്നത്. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിനങ്ങളിൽ രാവിലെ 8 മുതൽ വൈകീട്ട് 4 മണിവരെയാണ് അൽ ലുസൈലിയിലെ COVID-19 സ്ക്രീനിംഗ് ഹാൾ പ്രവർത്തിക്കുന്നത്. ഇതോടെ ദുബായിൽ പൊതു, സ്വകാര്യ മേഖലകളിൽ COVID-19 പരിശോധനകൾക്കായി പ്രവർത്തിക്കുന്ന കേന്ദ്രങ്ങളുടെ എണ്ണം ഇരുനൂറ് കടന്നിട്ടുണ്ട്.

WAM