മാലിന്യത്തിൽ നിന്ന് ഊർജ്ജം ഉത്പാദിപ്പിക്കുന്നത് ലക്ഷ്യമിടുന്ന ലോകത്തെ ഏറ്റവും വലിയ ‘വേസ്റ്റ് ടു എനർജി’ പദ്ധതിയുടെ ആദ്യ ഘട്ടം ദുബായ് കിരീടാവകാശി H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തു. 2023 ജൂലൈ 4-നാണ് ദുബായ് മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ആഗോളതലത്തിൽ തന്നെ ഇത്തരത്തിലുള്ള ഏറ്റവും വലിയതും, പ്രയോഗക്ഷ്മമായതുമായ ‘വേസ്റ്റ് ടു എനർജി’ പദ്ധതിയുടെ ഭാഗമായുള്ള വേസ്റ്റ് ടു എനർജി സെന്റർ വർസാനിലാണ് സ്ഥിതി ചെയ്യുന്നത്. പരിസ്ഥിതിയ്ക്ക് കോട്ടം വരുത്താത്ത രീതിയിൽ നിർമ്മിച്ചിട്ടുള്ള ഈ പദ്ധതി ഈ മേഖലയിലെ തന്നെ ഏറ്റവും നൂതനമായ സാങ്കേതികവിദ്യകളുടെ സഹായത്തോടെയാണ് പ്രവർത്തിക്കുന്നത്.
ഏതാണ്ട് 4 ബില്യൺ ദിർഹം ചെലവഴിച്ചാണ് ഈ കേന്ദ്രം നിർമ്മിച്ചിരിക്കുന്നത്. ദുബായ് നഗരത്തെ ലോകത്തെ തന്നെ ഏറ്റവും വലിയ സുസ്ഥിര നഗരിയായ മാറ്റുന്നതിനുള്ള ദുബായ് ഭരണാധികാരിയുടെ ദർശനങ്ങളുടെ ഭാഗമായാണ് ഈ പദ്ധതിയെന്ന് ഷെയ്ഖ് ഹംദാൻ അറിയിച്ചു.
പ്രകൃതിയ്ക്ക് ഒട്ടും തന്നെ ആഘാതം ഉണ്ടാക്കാത്ത രീതിയിലാണ് ഈ കേന്ദ്രത്തിൽ മാലിന്യനിർമ്മാർജ്ജനം, ഊർജ്ജോത്പാദനം എന്നിവ നടക്കുന്നത്. ഈ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ അഞ്ച് ഭാഗങ്ങളുടെ ഈ വേസ്റ്റ് ടു എനർജി സെന്ററിന്റെ രണ്ട് ഭാഗങ്ങളാണ് പ്രവർത്തനക്ഷമമാക്കിയിരിക്കുന്നത്. ഇവ ദിനവും ഏതാണ്ട് 2300 ടൺ ഖരമാലിന്യം കൈകാര്യം ചെയ്യുന്നതിന് ശേഷിയുള്ളവയാണ്.
നീരാവി സൃഷ്ടിക്കുന്ന മർദ്ദം ഉപയോഗിച്ച് കൊണ്ട് ചാക്രിക ഊർജ്ജം ഉത്പാദിപ്പിക്കുകയും, ഇതിന്റെ സഹായത്താൽ ജനറേറ്റർ പ്രവർത്തിപ്പിച്ച് കൊണ്ട് ഇലെക്ട്രിസിറ്റി ഉദ്പാദിപ്പിക്കുകയും ചെയ്യുന്ന സാങ്കേതികവിദ്യയാണ് ഈ കേന്ദ്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വാർഷികാടിസ്ഥാനത്തിൽ രണ്ട് ദശലക്ഷം ഖരമാലിന്യം കൈകാര്യം ചെയ്യുന്നതിന് ശേഷിയുള്ള ഈ സെന്ററിൽ നിന്ന് 135,000 വീടുകളിലേക്ക് ആവശ്യമായ ഊർജ്ജം ഉത്പാദിപ്പിക്കാൻ കഴിയുമെന്നാണ് കരുതുന്നത്. ഏതാണ്ട് നാല് ലക്ഷം സ്ക്വയർ മീറ്റർ വിസ്തൃതിയിലാണ് ഈ വേസ്റ്റ് ടു എനർജി സെന്റർ നിർമ്മിച്ചിരിക്കുന്നത്.
Cover Image: Dubai Media Office.