ഈ വർഷത്തെ റമദാനിൽ എമിറേറ്റിലെ പള്ളികളിലെത്തുന്നവർ നിർബന്ധമായും പാലിക്കേണ്ടതായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അറിയിപ്പ് പുറത്തിറക്കി. ദുബായിലെ ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്മെന്റുമായി ചേർന്ന് സംയുക്തമായാണ് കമ്മിറ്റി ഈ മാനദണ്ഡങ്ങൾ തയ്യാറാക്കിയിട്ടുള്ളത്.
ഏപ്രിൽ 7-ന് രാത്രിയാണ് ഈ അറിയിപ്പ് ദുബായ് മീഡിയ ഓഫീസ് പുറത്തിറക്കിയത്. എമിറേറ്റിലെ കൊറോണ വൈറസ് വ്യാപനം തടയുന്നതിനായാണ് ഇത്തരം ഒരു സുരക്ഷാ നിർദ്ദേശം തയ്യാറാക്കിയിരിക്കുന്നത്.
ദുബായിലെ പള്ളികളിൽ ഈ വർഷത്തെ റമദാനിൽ നടപ്പിലാക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ:
- ഇശാ, തറാവീഹ് പ്രാർത്ഥനകൾ കർശനമായ സുരക്ഷാ നിർദ്ദേശങ്ങൾ പാലിച്ച് കൊണ്ട് പള്ളികളിൽ നിർവഹിക്കാൻ അനുമതി. പള്ളികളിലെത്തുന്നവർ മാസ്കുകൾ, സമൂഹ അകലം എന്നിവ പാലിക്കണം. പള്ളികളിൽ പരമാവധി 30 മിനിറ്റാണ് ഈ പ്രാർഥനകൾക്കായി അനുവദിക്കുന്നത്. പ്രാർത്ഥനകൾ കഴിഞ്ഞ ഉടൻ തന്നെ പള്ളികൾ അടയ്ക്കുന്നതാണ്.
- പള്ളികളിലെത്തുന്നവർ സ്വന്തം നിസ്കാരപ്പായ കൊണ്ടുവരേണ്ടതാണ്.
- ഹസ്തദാനം പോലുള്ള രീതികൾ ഒഴിവാക്കേണ്ടതാണ്.
- പള്ളികളിലെത്തുന്നവർ മറ്റുള്ളവരിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കേണ്ടതാണ്.
- പള്ളികളിലും, പരിസരങ്ങളിലും ആൾതിരക്ക് അനുവദിക്കുന്നതല്ല.
- പള്ളികളുടെ കവാടങ്ങളിലും മറ്റും ഭക്ഷണ പദാർത്ഥങ്ങൾ, മാസ്കുകൾ മുതലായവ വിതരണം ചെയ്യുന്നത് കർശനമായി വിലക്കിയിട്ടുണ്ട്.
- വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങളുള്ളവർ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ തുടങ്ങിയ വിഭാഗങ്ങൾ പള്ളികൾ സന്ദർശിക്കുന്നതിൽ നിന്ന് വിട്ട് നിൽക്കേണ്ടതാണ്.
ഇത്തരം സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായി റമദാനിലുടനീളം പരിശോധനകൾ ഏർപ്പെടുത്തുന്നതാണ്. നിയമലംഘകർക്കെതിരെ കർശനമായ ശിക്ഷാ നടപടികൾ ഉണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.