COVID-19 - Unified safety signs launched in public transport in Dubai

ദുബായ്: പൊതുജനങ്ങൾക്ക് നിർദ്ദേശങ്ങളുമായി COVID-19 ഏകീകൃത സുരക്ഷാ അടയാളങ്ങൾ

GCC News

ദുബായിൽ പൊതുഗതാഗത സംവിധാനങ്ങളിലും പൊതു ഇടങ്ങളിലും പാലിക്കേണ്ട COVID-19 സുരക്ഷാ നിർദ്ദേശങ്ങളും, ആരോഗ്യപരമായ പെരുമാറ്റരീതികളും ജനങ്ങളെ ഓർമ്മിപ്പിക്കുന്നതിനായി ഏകീകൃത സുരക്ഷാ അടയാളങ്ങൾ നിലവിൽ വരുന്നു. ദുബായിൽ നിലവിലുള്ള നിയന്ത്രണങ്ങളിൽ ഇളവുകൾ കൊണ്ടുവരുമ്പോൾ സാമൂഹികമായി പാലിക്കേണ്ട പെരുമാറ്റ രീതികളെക്കുറിച്ചും, കൊറോണാ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി നിർബന്ധമായും പാലിക്കേണ്ട നിർദ്ദേശങ്ങളെക്കുറിച്ചും ജനങ്ങളെ ബോധവത്കരിക്കുന്നത് ലക്ഷ്യമിട്ടാണ് ഈ നടപടി.

ഇതിന്റെ ഭാഗമായി ഓരോ നിർദ്ദേശങ്ങൾക്കുമായി പ്രത്യേകമായി രൂപകല്പന ചെയ്ത ഏകീകൃത സുരക്ഷാ അടയാളങ്ങൾ ദുബായിലെ പൊതു ഇടങ്ങളിലുടനീളം ഈ ആഴ്ച മുതൽ പതിച്ചു തുടങ്ങുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസരിച്ച് തയ്യാറാക്കുന്ന ഈ അടയാളങ്ങൾ അടങ്ങിയ 170000 സ്റ്റിക്കറുകളാണ് മെട്രോ, ബസ്, ടാക്സി, പൊതുഗതാഗത സംവിധാനങ്ങളുടെ സ്റ്റേഷനുകൾ തുടങ്ങിയ ഇടങ്ങളിൽ RTA പതിക്കുന്നത്.

മാസ്കുകൾ ധരിക്കുക, സമൂഹ അകലം പാലിക്കുക മുതലായ നിർബന്ധമായും പാലിക്കേണ്ട ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾക്കായി ചുവപ്പ് നിറത്തിലുള്ള അടയാളങ്ങളാണ് രൂപകൽപന ചെയ്തിട്ടുള്ളത്. ഇവ കർശനമായും പാലിക്കേണ്ടതും നിയമ ലംഘനങ്ങൾക്ക് പിഴ ഉൾപ്പടെയുള്ള ശിക്ഷാ നടപടികൾ നേരിടാവുന്നതുമായ നിർദ്ദേശങ്ങളാണ്. കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക, കയ്യുറകൾ ഉപയോഗിക്കുക മുതലായ പൊതു ഇടങ്ങളിൽ പാലിക്കേണ്ട മര്യാദകൾ, ആരോഗ്യ ഉപദേശങ്ങൾ എന്നിവയ്ക്കായാണ് മഞ്ഞ നിറത്തിലുള്ള അടയാളങ്ങൾ.

നിർബന്ധമായും പാലിക്കേണ്ട അടയാളങ്ങൾ

  • പൊതുഗതാഗത സംവിധാനങ്ങളിൽ സമൂഹ അകലം പാലിക്കാനായി ചില സീറ്റുകളിൽ പതിക്കുന്ന ‘ഇരിക്കരുത്’ എന്ന അടയാളം.
  • ടാക്സികൾക്കായി ‘രണ്ട് യാത്രികർ മാത്രം’ എന്ന അടയാളം.
  • ‘സുരക്ഷിതമായ അകലം പാലിക്കുക’ എന്ന അടയാളം.
  • ‘മാസ്കുകൾ ധരിക്കുക’ എന്ന അടയാളം.

ആരോഗ്യ നിർദ്ദേശങ്ങൾ നൽകുന്ന അടയാളങ്ങൾ

  • കയ്യുറകൾ ഉപയോഗിക്കുക.
  • സാനിറ്റൈസറുകൾ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കുക എന്ന അടയാളം
  • കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക എന്ന അടയാളം.

ഫോട്ടോ: ദുബായ് മീഡിയ ഓഫീസ്