ദുബായ്: സീറോ ഗവണ്മെന്റ് ബ്യൂറോക്രസി പദ്ധതിക്ക് തുടക്കമായി

GCC News

യു എ ഇ വൈസ് പ്രെസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എമിറേറ്റിൽ സീറോ ഗവണ്മെന്റ് ബ്യൂറോക്രസി പദ്ധതിക്ക് തുടക്കമിട്ടു. 2024 ഫെബ്രുവരി 1-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

അനാവശ്യവും, കാലതാമസങ്ങൾക്കിടയാക്കുന്നതുമായ ഉദ്യോഗസ്ഥഭരണ നടപടിക്രമങ്ങൾ ഒഴിവാക്കുന്നതിനായാണ് ഈ നടപടി. സീറോ ഗവണ്മെന്റ് ബ്യൂറോക്രസി പദ്ധതിയുടെ ഭാഗമായി രണ്ടായിരത്തോളം സർക്കാർ നടപടിക്രമങ്ങൾ റദ്ദ് ചെയ്തുകൊണ്ട് ഷെയ്ഖ് മുഹമ്മദ് ഉത്തരവിട്ടിട്ടുണ്ട്.

Cover Image: Dubai Media Office.

എമിറേറ്റിലെ മുപ്പതോളം സർക്കാർ വകുപ്പുകളുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് സീറോ ഗവണ്മെന്റ് ബ്യൂറോക്രസി പദ്ധതിയ്ക്ക് തുടക്കമിട്ടത്.

Cover Image: Dubai Media Office.

അടുത്ത ഒരുവർഷത്തിനിടയിൽ അനാവശ്യമായ കൂടുതൽ ഉദ്യോഗസ്ഥഭരണ നടപടിക്രമങ്ങൾ ഒഴിവാക്കുന്നതിനാണ് ദുബായ് ലക്ഷ്യമിടുന്നത്. അനാവശ്യമായ ഗവണ്മെന്റ് നടപടിക്രമങ്ങൾ ഒഴിവാക്കുന്നതിലൂടെ സർക്കാർ നടപടികൾ കൂടുതൽ വേഗത്തിലാക്കുന്നതിനും, പൊതുജനങ്ങൾക്ക് കൂടുതൽ മികച്ച സേവനങ്ങൾ നൽകുന്നതിനും സാധിക്കുന്നതാണ്.

രണ്ടായിരത്തോളം സർക്കാർ നടപടിക്രമങ്ങൾ റദ്ദ് ചെയ്യാനുള്ള തീരുമാനം നടപടികൾ പൂർത്തിയാക്കുന്നതിന് എടുക്കുന്ന സമയം പകുതിയാക്കി ചുരുക്കുന്നതിന് കാരണമാകുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. സർക്കാർ സേവനങ്ങൾ ആഗോളതലത്തിൽ തന്നെ ഏറ്റവും ഫലപ്രദവും, മികച്ചതുമാക്കുന്നതിനുള്ള ദുബായ് നയത്തിന്റെ ഭാഗമായാണ് ഈ തീരുമാനം.