എമിറേറ്റിലെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി ഇതുവരെ 2.3 ദശലക്ഷത്തിൽ പരം ആളുകൾ വാക്സിൻ സ്വീകരിച്ചതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. എമിറേറ്റിലെ COVID-19 വാക്സിനേഷൻ നടപടികൾ ആരംഭിച്ച് ആറ് മാസം കഴിഞ്ഞ അവസരത്തിലാണ് ദുബായ് മീഡിയ ഓഫീസ് ഇത് സംബന്ധിച്ച കണക്കുകളും, വിവരങ്ങളും പങ്ക് വെച്ചത്.
ജൂൺ 13-ന് വൈകീട്ടാണ് ദുബായ് മീഡിയ ഓഫീസ് ഇത് സംബന്ധിച്ച വിവരങ്ങൾ നൽകിയത്.
- ദുബായിൽ ഇതുവരെ 2.3 ദശലക്ഷത്തിൽ പരം ആളുകൾ COVID-19 വാക്സിൻ സ്വീകരിച്ചു.
- വാക്സിൻ നൽകുന്നതിന് മുൻഗണന നൽകിയിട്ടുള്ള വിഭാഗങ്ങളിൽ 83% പേർ ഇതുവരെ കുത്തിവെപ്പ് എടുത്തിട്ടുണ്ട്.
- വാക്സിൻ നൽകുന്നതിന് മുൻഗണന നൽകിയിട്ടുള്ള വിഭാഗങ്ങളിൽ 64% പേർ ഇതുവരെ രണ്ട് ഡോസ് കുത്തിവെപ്പുകളും സ്വീകരിച്ചിട്ടുണ്ട്.
- ദുബായിൽ വാക്സിൻ നൽകുന്നതിന് മുൻഗണന നൽകിയിട്ടുള്ള വിഭാഗങ്ങളിൽ ഇരുപത് ശതമാനത്തോളം പേർ ഇതുവരെ ഒരു ഡോസ് കുത്തിവെപ്പുകളും സ്വീകരിച്ചിട്ടില്ല.
- എമിറേറ്റിൽ COVID-19 രോഗബാധിതരാകുന്നവരിൽ പത്തിൽ എട്ട് പേർ വാക്സിനെടുക്കാത്തവരാണ്.
- ദുബായിൽ COVID-19 രോഗബാധയെത്തുടർന്ന് ആശുപത്രി ചികിത്സ ആവശ്യമായി വരുന്നവരിലും, ICU ചികിത്സ ആവശ്യമായിവരുന്നവരിലും പത്തിൽ ഒമ്പത് പേർ വാക്സിനെടുക്കാത്തവരാണ്.
എമിറേറ്റിൽ നിലവിൽ COVID-19 രോഗബാധിതരാകുന്നവരിലും, രോഗബാധയെത്തുടർന്ന് ആശുപത്രി ചികിത്സ ആവശ്യമായി വരുന്നവരിലും ഭൂരിഭാഗവും ഇതുവരെ വാക്സിനെടുക്കാത്തവരാണെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി (DHA) കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.