ദുബായ് മെട്രോ യാത്രികരുടെ എണ്ണം 2 ബില്യൺ കടന്നതായി ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വ്യക്തമാക്കി. 2023 ഏപ്രിൽ 23-നാണ് ഷെയ്ഖ് മുഹമ്മദ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
2009 സെപ്റ്റംബർ 9-ന് ദുബായ് മെട്രോ പ്രവർത്തനമാരംഭിച്ചത് മുതൽ ഇതുവരെയുള്ള കണക്കുകൾ പ്രകാരമാണ് യാത്രികരുടെ എണ്ണം 2 ബില്യൺ രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിൽ ദുബായ് മെട്രോ സംവിധാനത്തിന് കീഴിൽ 129 ട്രെയിനുകൾ പ്രവർത്തിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.
ദുബായ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 53 മെട്രോ സ്റ്റേഷനുകൾക്കിടയിൽ പ്രതിദിനം ഏതാണ്ട് ആറ് ലക്ഷത്തിലധികം യാത്രികരാണ് ദുബായ് മെട്രോ സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നത്. ഏതാണ്ട് 99.7 ശതമാനം കൃത്യനിഷ്ഠയോടെയാണ് ദുബായ് മെട്രോ സംവിധാനം പ്രവർത്തിക്കുന്നത്.