2021 ജൂൺ 1 മുതൽ ദുബായ് മെട്രോയുടെ റൂട്ട് 2020-യിൽ രണ്ട് പുതിയ മെട്രോ സ്റ്റേഷനുകൾ പ്രവർത്തനമാരംഭിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ഡയറക്ടർ ജനറൽ മത്തർ മുഹമ്മദ് അൽ തയർ അറിയിച്ചു. ദുബായ് മെട്രോയുടെ റൂട്ട് 2020-യിൽ ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്ക് സ്റ്റേഷൻ (DIP), എക്സ്പോ 2020 സ്റ്റേഷൻ എന്നിവയാണ് ജൂൺ 1 മുതൽ പ്രവർത്തനമാരംഭിക്കുന്നത്.
മെയ് 22-നാണ് RTA ഇക്കാര്യം അറിയിച്ചത്. റൂട്ട് 2020-ലെ ആദ്യ മെട്രോ സർവീസ് 2021 ജനുവരി 1-നാണ് ആരംഭിച്ചത്. ജബൽ അലി, ദി ഗാർഡൻസ്, ഡിസ്‌കവറി ഗാർഡൻസ്, അൽ ഫർജൻ എന്നീ സ്റ്റേഷനുകളാണ് നിലവിൽ ഈ റൂട്ടിൽ പ്രവർത്തിക്കുന്നത്.
എക്സ്പോ 2020 വേദിയിലേക്ക് പ്രവേശനം അനുവദിക്കപ്പെട്ടിട്ടുള്ളവർക്ക് മാത്രമാണ് ജൂൺ 1 മുതൽ എക്സ്പോ 2020 സ്റ്റേഷനിലേക്ക് സേവനം നൽകുന്നത്. ഒക്ടോബർ 1 മുതൽ പൊതുജനങ്ങൾക്ക് ഈ സ്റ്റേഷൻ ഔദ്യോഗികമായി തുറന്ന് കൊടുക്കുമെന്നും RTA വ്യക്തമാക്കി. ഈ റൂട്ടിലെ മറ്റൊരു സ്റ്റേഷനായ ജുമേയ്‌റ ഗോൾഫ് എസ്റ്റേറ്റ് സ്റ്റേഷൻ എക്സ്പോ ഉദ്‌ഘാടനത്തോടൊപ്പം പ്രവർത്തനമാരംഭിക്കുന്നതാണ്.
“ജൂൺ 1 മുതൽ ദുബായ് മെട്രോ റെഡ് ലൈനിൽ അൽ റാഷിദിയ സ്റ്റേഷൻ മുതൽ എക്സ്പോ 2020 സ്റ്റേഷൻ വരെ നേരിട്ടുള്ള ഷട്ടിൽ സേവനങ്ങൾ ആരംഭിക്കുന്നതാണ്. ജബൽ അലി സ്റ്റേഷൻ യു എ ഇ എക്സ്ചേഞ്ച് സ്റ്റേഷനിൽ നിന്ന് വരുന്നവർക്ക് ഇന്റർചേഞ്ച് സേവനങ്ങൾ നൽകുന്ന സ്റ്റേഷൻ എന്ന രീതിയിൽ പ്രവർത്തിക്കുന്നതാണ്. ജൂൺ 1 മുതൽ എക്സ്പോ 2020 വേദിയിലേക്ക് പ്രവേശനം അനുവദിക്കപ്പെട്ടിട്ടുള്ളവർക്ക് മാത്രമാണ് എക്സ്പോ 2020 സ്റ്റേഷനിലേക്ക് സേവനം നൽകുന്നത്. ഒക്ടോബർ 1-ന് ഇത് പൊതുജനങ്ങൾക്ക് ഔദ്യോഗികമായി തുറന്ന് കൊടുക്കുന്നതാണ്. ഒക്ടോബർ 1 മുതൽ പൊതുജനങ്ങൾക്ക് എക്സ്പോ വേദിയിലേക്കുള്ള മെട്രോ സേവനങ്ങൾ ഉപയോഗിക്കാവുന്നതാണ്.”, അൽ തയർ വ്യക്തമാക്കി.