ലോകത്തെ ഏറ്റവും വലിയ സ്വാഭാവിക പൂന്തോട്ടമായ ദുബായ് മിറക്കിൾ ഗാർഡൻ നവംബർ 1, ഞായറാഴ്ച്ച മുതൽ സന്ദർശകർക്കായി തുറന്നുകൊടുക്കുന്നു. നവംബർ 1 മുതൽ ദുബായ് മിറക്കിൾ ഗാർഡന്റെ ഒൻപതാം സീസൺ ആരംഭിക്കുന്നതായും, കർശനമായ ആരോഗ്യ സുരക്ഷാ മുൻകരുതലുകളോടെ സന്ദർശകർക്ക് പ്രവേശനം അനുവദിക്കുമെന്നും ദുബായ് മീഡിയ ഓഫീസ് ട്വിറ്ററിലൂടെ അറിയിച്ചു.
അത്യന്തം ആകർഷകമായ രീതിയിൽ ഒരുക്കിയിട്ടുള്ള ഈ പൂന്തോട്ടം, സന്ദർശകർക്ക് എക്കാലവും മനസ്സിൽ സൂക്ഷിക്കാവുന്ന അനുഭവങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സുരക്ഷാ നടപടികളിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചകളുമില്ലാതെയാണ് സന്ദർശകരെ അനുവദിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
120 തരത്തിലുള്ള, ഏതാണ്ട് 150 ദശലക്ഷത്തിൽ പരം വിവിധ വർണ്ണങ്ങളിലും, സൗരഭ്യത്തോടും കൂടിയ പൂക്കളാണ് ഇക്കൊല്ലം സന്ദർശകർക്കായി ഒരുങ്ങുന്നത്. ഇതിൽ ഏതാനം പുഷ്പങ്ങളും, സസ്യങ്ങളും ഗൾഫ് മേഖലയിൽ ഇതുവരെ കണ്ടിട്ടില്ലാത്തവയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു. പൂക്കൾ ഒരുക്കുന്ന മായിക കാഴ്ച്ചകളോടൊപ്പം, വർണ്ണ വിളക്കുകളോട് കൂടിയ, വിവിധ രൂപങ്ങളിൽ സസ്യങ്ങളാൽ തയ്യാറാക്കിയ ദൃശ്യങ്ങളും മിറക്കിൾ ഗാർഡന്റെ രാത്രികാഴ്ച്ചകൾക്ക് മിഴിവേകുന്നു.
സന്ദർശകർക്കായി ലൈവ് ഷോ, സ്ട്രീറ്റ് പെർഫോമൻസ് തുടങ്ങിയ നിരവധി കലാപരമായ വിസ്മയങ്ങളും ഇക്കൊല്ലം മിറക്കിൾ ഗാർഡനിൽ ഒരുക്കുന്നുണ്ട്. പൂന്തോട്ടം ആസ്വദിച്ച് കൊണ്ട് സന്ദർശകർക്ക് നടക്കാവുന്ന 400 മീറ്റർ നീളമുള്ള നടപ്പാത, ആകർഷകമായ പൂക്കളാൽ തീർത്ത ‘ആകാശത്തിലൂടെ ഒഴുകുന്ന വനിത’ എന്ന ദൃശ്യം, പൂക്കളാൽ തീർത്ത എമിറേറ്സ് A380 വിമാനം, പൂക്കൾ കൊണ്ട് ഒരുക്കിയിട്ടുള്ള 18 മീറ്ററോളം നീളമുള്ള മിക്കി മൗസ്, പൂന്തോട്ടത്തിന്റെ സമ്പൂർണ്ണ കാഴ്ച്ച ഉറപ്പാക്കുന്ന കൊട്ടാരസദൃശ്യമായ നിരീക്ഷണത്തറ, പൂക്കൾ നിറഞ്ഞ ഘോഷയാത്രകൾ, വിവിധ തരം അഭ്യാസപ്രകടനങ്ങൾ എന്നിവ ഈ പാർക്കിലെ പ്രധാന ആകർഷണങ്ങളാണ്.
മിറക്കിൾ ഗാർഡനിലെത്തുന്ന സന്ദർശകരുടെ ശരീരോഷ്മാവ് പരിശോധിക്കുന്നതാണ്. കൈകളുടെ ശുചിത്വം ഉറപ്പിക്കുന്നതിനായി സാനിറ്റൈസറുകൾ പാർക്കിലുടനീളം ഒരുക്കുന്നതാണ്. മിറക്കിൾ ഗാർഡൻ സന്ദർശിക്കുന്നവർ സമൂഹ അകലം ഉൾപ്പടെയുള്ള എല്ലാ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളും പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
മിറക്കിൾ ഗാർഡൻ പ്രവർത്തന സമയം:
- ഞായർ മുതൽ വ്യാഴം വരെ: രാവിലെ 9.00 – രാത്രി 9.00 വരെ.
- വെള്ളി, ശനി ദിവസങ്ങളിൽ: രാവിലെ 9.00 – രാത്രി 11.00 വരെ.
മുതിർന്നവർക്ക് (12 വയസ്സിനു മുകളിൽ) 55 ദിർഹം, കുട്ടികൾക്ക് 40 ദിർഹം എന്നിങ്ങനെയാണ് പ്രവേശന ഫീസ്. മൂന്ന് വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾ http://www.dubaimiraclegarden.com/ എന്ന വിലാസത്തിൽ ലഭിക്കുന്നതാണ്.