പുതുവത്സര ആഘോഷങ്ങളുടെ വേളയിൽ, എമിറേറ്റിലുടനീളം വാണിജ്യ മേഖലയിലെ വിവിധ സ്ഥാപനങ്ങളിൽ ആരോഗ്യ സുരക്ഷാ പരിശോധനകൾ തീവ്രമാക്കുമെന്ന് ദുബായ് മുൻസിപ്പാലിറ്റി പ്രഖ്യാപിച്ചു. എമിറേറ്റിലെ വാണിജ്യ മേഖലയിലെ മുഴുവൻ സ്ഥാപനങ്ങളിലും ആരോഗ്യ മുൻകരുതൽ നടപടികൾ കർശനമായി നടപ്പിലാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി സമഗ്രമായ പരിശോധനാ രൂപരേഖകൾ തയ്യാറാക്കിയതായും മുൻസിപ്പാലിറ്റി കൂട്ടിച്ചേർത്തു.
ഈ രൂപരേഖകൾ പ്രകാരമുള്ള പരിശോധനാ നടപടികൾ എമിറേറ്റിലുടനീളം മുൻസിപ്പാലിറ്റിയുടെ പ്രത്യേക പരിശോധനാ സംഘങ്ങൾ നിർവഹിക്കുന്നതാണ്. വാണിജ്യ മേഖലയിൽ പ്രവർത്തിക്കുന്നവരുടെയും, ഇത്തരം കേന്ദ്രങ്ങളിലെത്തുന്ന ഉപഭോക്താക്കളുടെയും, സന്ദർശകരുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് ദുബായ് മുൻസിപ്പാലിറ്റി പരിശോധനകൾ നടപ്പിലാക്കുന്നത്.
എമിറേറ്റിലെ ഷോപ്പിംഗ് മാളുകൾ, ഹോട്ടലുകൾ, കഫേകൾ, മറ്റു ഭക്ഷണശാലകൾ, പാർക്കുകൾ, സലൂണുകൾ, ബീച്ചുകൾ എന്നിവിടങ്ങൾക്കു പുറമെ, കരിമരുന്ന് പ്രയോഗങ്ങളും, ലേസർ പ്രദർശനങ്ങളും നടത്തുന്ന വേദികളും ഇത്തരം പരിശോധനകൾക്ക് വിധേയമാകുന്നതാണെന്ന് മുൻസിപ്പാലിറ്റി അറിയിച്ചിട്ടുണ്ട്. 23 വ്യത്യസ്ഥ മേഖലകളിലാണ് മുൻസിപ്പാലിറ്റി പരിശോധനകൾ നടപ്പിലാക്കുന്നത്. വീഴ്ച്ചകൾ കണ്ടെത്തുന്ന സ്ഥാപനങ്ങൾക്ക് പിഴ ഉൾപ്പടെയുള്ള നിയമനടപടികൾ നേരിടേണ്ടി വരുന്നതാണ്.
ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും മുൻകരുതൽ നടപടികൾ കർശനമാക്കാനുള്ള നിർദ്ദേശം നൽകിയതായി മുൻസിപ്പാലിറ്റി അറിയിച്ചു. പുതുവത്സര ആഘോഷങ്ങളുടെ വേളയിൽ പൊതുജനങ്ങളോട് മുഴുവൻ സുരക്ഷാ നിർദ്ദേശങ്ങളും വീഴ്ച്ച കൂടാതെ പാലിക്കാൻ മുൻസിപ്പാലിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്.