ബീച്ചുകളിൽ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി 140 ലൈഫ്ഗാർഡുകളെ നിയമിച്ചതായി ദുബായ് മുനിസിപ്പാലിറ്റി

GCC News

എമിറേറ്റിലെ ബീച്ചുകളിൽ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി ലൈഫ്ഗാർഡുകൾ ഉൾപ്പടെ 140 പേരെ നിയമിച്ചതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. 2023 ഓഗസ്റ്റ് 18-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

ഇതിൽ പ്രത്യേക പരിശീലനം ലഭിച്ചിട്ടുള്ള 124 ലൈഫ്ഫെഗാർഡുകൾ, 12 സൂപ്പർവൈസർമാർ, 2 അസിസ്റ്റന്റ് മാനേജർമാർ, ഒരു ഓപ്പറേഷൻസ് മാനേജർ എന്നിവർ ഉൾപ്പെടുന്നു. ബീച്ചുകളിൽ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും, രക്ഷാപ്രവർത്തനങ്ങൾ ആവശ്യമായി വരുന്ന സാഹചര്യങ്ങളിൽ സത്വരമായ രക്ഷാനടപടികൾ ഉറപ്പ് വരുത്തുന്നതിനും ആവശ്യമായ എല്ലാ നൂതന ഉപകരണങ്ങളോടെയുമാണ് ഇവരെ ദുബായിലെ ബീച്ചുകളിൽ നിയമിച്ചിരിക്കുന്നത്.

ആൾ ടെറൈൻ ബീച്ച് വെഹിക്കിൾ, വയർലസ് സെറ്റുകൾ, മറ്റു സുരക്ഷാ ഉപകരണങ്ങൾ എന്നിവയോടെ അൽ മംസാർ ബീച്ച്, അൽ മംസാർ കോർണിഷ്, ജുമേയ്‌റ 1, ജുമേയ്‌റ 2, ജുമേയ്‌റ 3, ഉം സുഖേയിം 1, ഉം സുഖേയിം 2, എൽ ഷോറൂഖ്‌, അൽ സുഫൗഹ്, ജബൽ അലി തുടങ്ങിയ പൊതു ബീച്ചുകളിൽ ഇവരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. എമിറേറ്റിലെ പൊതു ബീച്ചുകൾ സന്ദർശിക്കുന്നവർക്ക് ഏറ്റവും മികച്ച സുരക്ഷ, സേവനങ്ങൾ എന്നിവ നൽകുന്നതിനായാണ് ഈ നടപടി.

Cover Image: Dubai Media Office.