വിനോദസഞ്ചാരികൾക്ക് രാത്രിസമയങ്ങളിൽ നീന്തുന്നതിന് അനുമതി നൽകിയിട്ടുള്ള മൂന്ന് പുതിയ ബീച്ചുകൾ തുറന്നതായി ദുബായ് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു. 2023 മെയ് 14-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
ബീച്ച് ടൂറിസം പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ ബീച്ചുകൾ തുറന്ന് കൊടുത്തിരിക്കുന്നത്. ജുമേയ്‌റ 2, ജുമേയ്‌റ 3, ഉം സുഖെയീം 1 എന്നവിടങ്ങളിലാണ് ഈ ബീച്ചുകൾ തുറന്നിരിക്കുന്നത്.
800 മീറ്ററിലധികം നീളത്തിൽ ഒരുക്കിയിട്ടുള്ള ഈ ബീച്ചുകളിൽ ലൈറ്റിംഗ് സംവിധാനങ്ങൾ, സുരക്ഷാ അവബോധം നൽകുന്നതിനുള്ള അടയാളങ്ങൾ, ലൈഫ്ഗാർഡുകളുടെ സേവനം, നൂതനമായ സുരക്ഷാ ഉപകരണങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്.
രാത്രികാലങ്ങളിൽ കടലിലുള്ള നീന്തലിനായി ഇത്തരത്തിൽ അനുമതി നൽകിയിട്ടുള്ള സുരക്ഷിത ഇടങ്ങൾ മാത്രം തിരഞ്ഞെടുക്കാൻ ദുബായ് മുനിസിപ്പാലിറ്റി പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത്തരം ഇടങ്ങളിൽ നീന്തലിനെത്തുന്നവർ സുരക്ഷാ നിർദ്ദേശങ്ങൾ കണിശമായി പാലിക്കാനും, ലൈഫ്ഗാർഡുകൾ നൽകുന്ന നിർദ്ദേശങ്ങൾ അനുസരിക്കാനും, തങ്ങളുടെ ഒപ്പമുള്ള കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്താനും, ശുചിത്വം പാലിക്കാനും മുനിസിപ്പാലിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്.
Cover Image: Dubai Media Office.